കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. യുവതിയുടെ ബന്ധുവും തമിഴ്നാട് ഈറോഡ് സ്വദേശിനിയുമായ മലര്‍ (26), നീലേശ്വരം താനക്കര വിജേഷ് (28), നീലേശ്വരം പേരോൽ സ്വദേശി എം. മുസ്തഫ (42) എന്നിവരെയാണ് സിറ്റി പൊലീസ് പിടികൂടിയത്. സംഭവശേഷം തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ട സംഘം സേലത്തെ ഒരു വീട്ടിലെ കൃഷിസ്ഥലത്ത് ജോലി ചെയ്തുവരവെയാണ് പിടിയിലായത്.
ആഗസ്റ്റ് 27നാണ് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിനിയായ 32കാരിയെ ജോലി ആവശ്യാർഥമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ പിടിയിലായ മലര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെ മഴ കാരണം കാഞ്ഞിരയിലുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷമായിരുന്നു പീഡനം.
പിറ്റേന്ന് രാത്രി വരെ ഇവിടെ പാര്‍പ്പിച്ച യുവതി അബോധാവസ്ഥയിലായതോടെ സംഘം കടന്നുകളയുകയായിരുന്നു. പിടിയിലായ വിജേഷിന്റെ കാമുകിയായ മലരാണ് പ്രതികൾക്ക് തമിഴ്നാട്ടില്‍ ഒളിസങ്കേതം ഒരുക്കിക്കൊടുത്തത്. ഇവരുടെ സ്വദേശത്ത് അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഇവർ ജോലിചെയ്യുന്ന സേലത്ത് എത്തി കസ്റ്റഡിയിലെടുത്തത്. എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
നേരത്തേ പരിചയമുള്ളവരാണ് പീഡനത്തിനു പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനല്‍കിയിരുന്നു. നിര്‍മാണതൊഴിലും ശുചീകരണവും തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണികള്‍ ഏറ്റെടുത്തു ചെയ്യുന്നവരാണിവര്‍. പരാതി നൽകാതിരിക്കാൻ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. കേസായതോടെ താമസസ്ഥലം പൂട്ടി സംസ്ഥാനംവിട്ട പ്രതികളുടെ പിന്നാലെ പൊലീസുമുണ്ടായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യുവതി കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.