തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വട്ടപ്പാറ ഇൻസ്പെക്ടർ ഗിരിലാലും തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായ പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യം നൽകി വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ 11 വയസ്സുള്ള കുട്ടിയെയും പ്രതി ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്ന മന്ത്രിയുടെ നിർദേശമാണ് തർക്കത്തിന് കാരണമായത്. ന്യായം നോക്കി കാര്യങ്ങൾ ചെയ്യുമെന്ന് സി.ഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ വൈകുന്നേരത്തിന് മുമ്പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്ന് മന്ത്രി ചോദിക്കുന്നു. അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നായിരുന്നു സി.ഐയുടെ മറുപടി. ഈ തർക്കത്തിനൊടുവിലാണ് സി.ഐയെ വിജിലൻസിലേക്ക് മാറ്റിയത്.
സ്ത്രീയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത വട്ടപ്പാറ പൊലീസ് ബുധനാഴ്ചയാണ് രണ്ടാംഭർത്താവിനെ അറസ്റ്റ് ചെയ്തത്. ജി.ആർ. അനിലിന്റെ മണ്ഡലത്തിൽപെട്ട നെടുമങ്ങാട് കരകുളത്തെ ഫ്ലാറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഭർത്താവിനെ അന്വേഷിച്ച് പൊലീസ് ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ നാലാഞ്ചിറയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചികിത്സരേഖകൾ പരിശോധിച്ചുവരുകയാണെന്നും അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.