കൊല്ലം: 21 മണിക്കൂറിലെ ആശങ്കക്കൊടുവിൽ പോറലേൽക്കാതെ അബിഗേലിനെ തിരിച്ചുകിട്ടിയെങ്കിലും കൊല്ലം ജില്ല കടക്കാതിരുന്ന പ്രതികളെ കുട്ടിക്കൊപ്പം തന്നെ പിടികൂടാൻ കഴിയാതിരുന്നത് പൊലീസിന് സംഭവിച്ച വീഴ്ച. കൊല്ലം നഗരമധ്യത്തിലെ ആശ്രാമം മൈതാനിയിൽ പട്ടാപ്പകൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ പ്രതികൾക്ക് കഴിഞ്ഞെന്നത് പൊലീസിനാകെ നാണക്കേടായെങ്കിലും പൊലീസിന്റെ ഇടപെടൽ ഫലപ്രദമായി എന്നുതന്നെയാണ് പൊതു വിലയിരുത്തൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ആദ്യ മണിക്കൂർ നഷ്ടപ്പെട്ടതിന്റെ പേരിൽ പൊലീസ് ആക്ഷേപത്തിന് വിധേയമായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആദ്യ ഒന്നര മണിക്കൂറിനുശേഷമാണ് ഉന്നതോദ്യോഗസ്ഥരടക്കം ബന്ധപ്പെടുകയും പൊലീസ് സംവിധാനം പൂർണമായി രംഗത്തിറങ്ങുകയും ചെയ്തത്. പിന്നീട്, പൊലീസ് സംസ്ഥാനത്തിന്റെ മുക്കുമൂലകൾ പരിശോധിച്ചതിനൊപ്പം കാര്യക്ഷമമായി തന്നെ പ്രവർത്തിച്ചു.
പ്രതികൾ ബാലികയുടെ മാതാവിനെ പണമാവശ്യപ്പെട്ട് വിളിച്ച ഫോണിന്റെ ഉടമയെ കണ്ടെത്താനും അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണിക്കൂറിനകം തന്നെ പ്രതികളിൽ ഒരാളെന്നു കരുതുന്നയാളുടെ രേഖാ ചിത്രം പുറത്തിറക്കാനും പൊലീസിന് കഴിഞ്ഞു. എന്നാൽ, കുട്ടിയുടെ വെളിപ്പെടുത്തലനുസരിച്ച് രാത്രിയിൽ ഒരു വീട്ടിലാണ് താമസിച്ചതെന്നും പകലാണ് വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിനടുത്തെത്തിയതെന്നും അവിടെനിന്ന് കുറേ ദൂരം നടന്നാണ് മൈതാനത്തെത്തിയതെന്നും വ്യക്തമാകുന്നുണ്ട്. കൊല്ലത്തെ പ്രധാന വഴികളിലൂടെ സഞ്ചരിക്കാതെ ആശ്രാമം മൈതാനിയിൽ കുട്ടിയുമായി എത്താനാകില്ല. ഉച്ചക്ക് ഒരുമണി സമയത്ത് ഈ വഴികളിലൂടെ ആരുടെയും ശ്രദ്ധയിൽപെടാതെ എങ്ങനെ കുട്ടിയുമായി എത്താൻ കഴിഞ്ഞെന്നതാണ് ചോദ്യം. ചില മേളകൾ അടക്കം നടക്കുന്ന മൈതാനിക്കുസമീപം അധികം ആരുടെയൂം ശ്രദ്ധയിൽപെടാതെയാണ് ഒരു സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് നടന്നുനീങ്ങിയത്.
അതേ സമയം പ്രതികൾ കുട്ടിയുമായി സംസ്ഥാനം വിട്ടുപോകാൻ കഴിയാതിരുന്നത് പൊലീസിന്റെ മികവുകൊണ്ടുതന്നെയാണെന്നാണ് വിലയിരുത്തൽ. സംഭവം നടന്ന് മിനിറ്റുകൾക്കകം തന്നെ അതിർത്തികൾ സൂക്ഷ്മ നിരീക്ഷണത്തിലാക്കാൻ പൊലീസിന് കഴിഞ്ഞു. പ്രതികൾക്ക് സംസ്ഥാനം കടക്കാൻ കഴിയില്ലെന്ന് സംഭവം നടന്ന് സ്ഥലത്തെത്തിയ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഉറപ്പിച്ച് പറഞ്ഞിരുന്നു. കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നു കണ്ടുതന്നെയാണ് പ്രതികൾ അത് ചെയ്തതെന്ന വിലയിരുത്തലിലാണ് പൊലീസ്. അതേ സമയം പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഏതോ ക്വട്ടേഷൻ സംഘമാണ് പിന്നിലെന്നും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിലുണ്ടെന്നും പൊലീസിലെ ചിലർ സൂചന നൽകി. പ്രധാന പ്രതികളിലൊരാളുടെ കുഴിയത്തെ വീട് കണ്ടെത്തിയെന്നും സൂചനയുണ്ട്.
കൊല്ലം: സംഭവം പുറത്തു വന്നതു മുതൽ സംശയിക്കുന്ന എല്ലാ ആംഗിളുകളും പരിശോധിച്ചിട്ടുണ്ടെന്നും സംശയിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും എ.ഡി.ജി.പി എം.ആർ അജിത് കുമാർ.
പ്രതികളെ ഉടൻ പിടികൂടാനാകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ആദ്യ ശ്രദ്ധ കുട്ടിയെ തിരികെ കിട്ടുക എന്നതായിരുന്നു. പ്രശ്നമൊന്നുമില്ലാതെ കുട്ടിയെ കിട്ടിയത് വലിയ ആശ്വാസമാണ്. പൊലീസ് ഇടപെടലും മാധ്യമപ്രവർത്തകരുടെ ശുഷ്കാന്തിയുമാണ് കുട്ടിയെ കിട്ടാൻ ഇടയാക്കിയത്. തട്ടിക്കൊണ്ട് പോയവർക്ക് ഉപേക്ഷിക്കാതെ മറ്റു വഴികൾ ഇല്ലായിരുന്നു. പൊലീസ് സേനയും മാധ്യമപ്രവർത്തകരും നാട്ടുകാരും കുഞ്ഞിനെ കണ്ടെത്താൻ ഉറങ്ങാതെ പരിശ്രമിച്ചു.
24 മണിക്കൂർ പരിശ്രമത്തിൽ സർക്കാർ ഉടനീളം പിന്തുണച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിന് സമ്മർദം ഉണ്ടായി. തട്ടിക്കൊണ്ടുപോകാൻ ഇടയായ കാരണം വ്യക്തമല്ല. പ്രതികള് പ്രദേശം നന്നായി അറിയാവുന്നവരാകാനാണ് സാധ്യത. കുട്ടി സാധാരണനിലയിൽ സംസാരിക്കാറായിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.