കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കണമെന്ന പ്രതി സന്ദീപിന്റെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കരുതിക്കൂട്ടിയുള്ള ആക്രമണം നടത്തിയിട്ടില്ലാത്തതിനാൽ കൊലപാതകമായി കണക്കാക്കാനാവില്ലെന്നാണ് ഇയാളുടെ വാദം. കൊലക്കുറ്റത്തിൽനിന്ന് വിടുതൽ ചെയ്യണമെന്ന ഹരജി കൊല്ലത്തെ വിചാരണ കോടതി തള്ളിയിരുന്നു.
പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ. വന്ദനയുടെ മരണത്തിന് കാരണമായതെന്നും തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്നും കൊലക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസ് ഡയറി അടക്കം പരിശോധിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി വിധി പറയാൻ മാറ്റിയത്. വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
2023 മേയ് 10ന് വൈദ്യ പരിശോധനക്കായി പൊലീസ് ഹാജരാക്കിയപ്പോഴാണ് ഡോ. വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.