പീരുമേടിൽ വ്യാജ പ്രമാണം ചമച്ച് നാലേക്കറിന് പട്ടയം നൽകിയ റവന്യൂ ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട് : ഇടുക്കിയിലെ പീരുമേട് വില്ലേജിൽ വ്യാജ പ്രമാണം ചമച്ച് റവന്യൂ ജീവനക്കാർക്കെതിരായ നടപടി ശരിവെച്ച് ഉത്തരവ്. നാലേക്കർ സർക്കാർ ഭൂമിക്ക് വ്യാജ പട്ടയമുണ്ടാക്കി വിൽപന നടത്തുന്നതിന് ഉദ്യോഗസ്ഥർ സഹായിച്ചുവെന്നാണ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്.

ഇക്കാര്യത്തിൽ മുൻ ഡെപ്യൂട്ടി തഹസിൽദാർ അജയൻ കെ. രാജൻ, മുൻ വില്ലേജ് ഓഫിസർ പി.സി. തങ്കപ്പൻ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചട്ടപ്രകാരം അവരുടെ പെൻഷനിൽനിന്ന 2000 രൂപവീതം കുറവ് ചെയ്ത താൽക്കാലിക തീരുമാനം സ്ഥിരപ്പെടുത്തിയാണ് ഉത്തരവ്.

പീരുമേട് വില്ലേജിൽ നാല് ഏക്കർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സൈനബ അപേക്ഷ സമർപ്പിച്ചിരുന്നു. അത് പരിശോധന നടത്തി റവന്യൂ ഉദ്യോഗസ്ഥർ മഹസർ തയാറാക്കിയപ്പോൾ നാല് ഏക്കർ ഭൂമി 1970 മുതൽ സൈനബയുടെ കൈവശത്തിലുണ്ടെന്ന് രേഖപ്പെടുത്തി. അപേക്ഷകയുടെ പേര് ഉൾപ്പെടുത്തിയത് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷൻ കാർഡിലാണ്. അതിൽ അപേക്ഷകയുടെ ഭർത്താവും മക്കളും ഉൾപ്പെടെ ആറ് പേരാണുള്ളത്. അതിൽ നാലാമതായി മകൻ അഷ്റഫിന്റെ പേരുണ്ടായിരുന്നു.

ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിരിലുള്ള വസ്തു അഷറഫിന്റെ കൈവശത്തിലായിരുന്നു. എന്നാൽ, മഹസറിൽ അപേക്ഷകനോ കുടുംബാംഗങ്ങൾക്കോ മറ്റ് സ്ഥലങ്ങൾ ഒന്നുമില്ലായെന്ന് റവന്യൂ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. അങ്ങനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി മഹസർ തയാറാക്കിയാണ് സൈനബയുടെ പേരിൽ ഭൂമിക്ക് പട്ടയം നൽകിയത്. അതുവഴി സർക്കാരിന് നാല് ഏക്കർ നഷ്ടപ്പെട്ടു.

പിന്നീട് വീഴ്ച കണ്ടെത്തിയ കലക്ടർ പട്ടയം റദ്ദുചെയ്തിരുന്നു. അപേക്ഷിച്ചയാൾ പട്ടയത്തിന് അർഹതയുള്ള ആളാണോയെന്ന് കൂടുതൽ പരിശോധന നടത്താത്തതിന് തഹസിൽദാരോട് വിശദീകരണം ആരായുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും കലക്ടർ നിർദേശിച്ചിരുന്നു. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി പട്ടയം ലഭിക്കുന്നതിന് സഹായം നൽകിയെന്നതിൽ ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാനായില്ല. അതിനാലാണ് നടപടി സ്വീകരിച്ചത്. 

Tags:    
News Summary - Action taken against the revenue employees who issued the title to four acres by forging a fake document in Peerumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.