തിരുവനന്തപുരം: തിങ്കളാഴ്ച അന്തരിച്ച നടൻ നെടുമുടി വേണുവിന് കേരളത്തിന്‍റെ യാത്രാമൊഴി. മലയാളത്തിന്‍റെ മഹാനടന്‍റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മകൻ ഉണ്ണി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. കുടുംബാംഗങ്ങളും ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും ആരാധകരും അഭിനയ കുലപതി ജീവിതത്തിന്‍റെ അരങ്ങൊഴിയുന്നതിന് സാക്ഷിയാകാൻ സന്നിഹിതരായിരുന്നു
ചൊവ്വാഴ്ച രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്കു കൊണ്ടുപോയത്. കലാ-സാംസ്കാരിക–രാഷ്ട്രീയ-സിനിമാ മേഖലയിലെ നിരവധിപേർ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനത്തെത്തിയിരുന്നു.
നടന്മാരായ വിനീത്, മണിയൻപിള്ള രാജു, മധുപാല്‍, ടി.പി. മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ അയ്യങ്കാളി ഹാളിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ വി. ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, സമുദായ–സാംസ്കാരിക നേതാക്കൾ, നാടക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീടായ 'തമ്പി'ൽ തിങ്കളാഴ്ച പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധിപേർ എത്തിയിരുന്നു. മമ്മൂട്ടി രാത്രി പത്തരയോടെ 'തമ്പി'ലെത്തി. മണിയൻപിള്ള രാജു, രമേഷ് പിഷാരടി, ജി. സുരേഷ്കുമാർ, സനൽകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്.
നെടുമുടി വേണുവിന്‍റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ നെടുമുടി വേണുവിന്‍റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.