കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തെളിവ് നശിപ്പിച്ച കുറ്റത്തിൽനിന്ന് ഐ.ടി വിദഗ്ധൻ സായ് ശങ്കറിനെ ഒഴിവാക്കിയതെന്തിനെന്ന് കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ വാദം കേൾക്കവെയാണ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യം അന്വേഷിച്ചത്. തെളിവ് നശിപ്പിച്ച കുറ്റത്തിന് എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് ജി.ശരത്തിനെ പ്രതിയാക്കിയപ്പോൾ അതേ കുറ്റം ചെയ്ത സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യം പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതിനിടെ, സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയ പെൻഡ്രൈവിന്റെ വിശ്വാസ്യത സംബന്ധിച്ച സംശയങ്ങൾ പ്രതിഭാഗം ഇന്നലെയും കോടതിയിൽ ഉന്നയിച്ചു. പെൻഡ്രൈവിലെ ഡിജിറ്റൽ ഫയലുകളിലെ തീയതി സംബന്ധിച്ച് കോടതിയും പൊലീസിനോട് വിവരങ്ങൾ ആരാഞ്ഞു. ദിലീപിന്റെ വീട്ടിനുള്ളിൽ നടന്ന സംഭാഷണങ്ങൾ അടങ്ങിയ ശബ്ദ രേഖയിലെ ശബ്ദം കൂട്ടിയ ശേഷമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അവ അടങ്ങുന്ന പെൻഡ്രൈവ് പൊലീസിന് കൈമാറിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ശബ്ദം വർധിപ്പിച്ചപ്പോൾ ഡിജിറ്റൽ ഫയലുകളിലെ തീയതികൾക്ക് മാറ്റം വന്നിട്ടുണ്ടെന്നും പെൻഡ്രൈവിലെ ചില ചിത്രങ്ങളിലും വിഡിയോകളിലും അത് റെക്കോഡ് ചെയ്ത തീയതി 2015 ജൂണിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ദിലീപിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സഹോദരിയുമുള്ളപ്പോൾ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അവിടെ പരസ്യമായി പ്രദർശിപ്പിച്ചെന്ന മൊഴികളെ എങ്ങനെ വിശ്വസിക്കുമെന്നും പ്രതിഭാഗം ചോദിച്ചു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോണുകൾ 2022 ജനുവരി 31നാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, 2022 ഫെബ്രുവരി ഏഴിന് ഫോണിലെ ഫയലുകൾ മായ്ച്ചതായി ഫൊറൻസിക് റിപ്പോർട്ട് പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫൊറൻസിക് റിപ്പോർട്ട് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ പ്രോസിക്യൂഷൻ വാദം നേരത്തേ പൂർത്തിയാക്കിയിരുന്നു. ഈമാസം 18ന് വീണ്ടും വാദം കേട്ടശേഷം വിധി പറയാനുള്ള തീയതി കോടതി തീരുമാനിക്കും.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം അന്വേഷിക്കുന്നതിന് കാർഡ് ഫോറൻസിക് പരിശോധനക്ക് ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി.
ഹരജി മറ്റൊരു സിംഗിൾ ബെഞ്ച് പരിഗണിക്കും. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ വസ്തുതകൾ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയതിന് കോടതി കാരണം വ്യക്തമാക്കിയിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ദൃശ്യങ്ങൾ ചണ്ഡിഗഢിലെ ലാബിൽ പരിശോധനക്ക് നൽകാൻ 2020 ജനുവരി പത്തിന് മെമ്മറി കാർഡിന്റെ പകർപ്പ് എടുത്തിരുന്നു.
ഈ ഘട്ടത്തിൽ കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും വിഡിയോ ദൃശ്യങ്ങൾ 2018 ഡിസംബർ 13ന് അനധികൃതമായി ആരോ പരിശോധിച്ചെന്നും വ്യക്തമായത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് 2020 ജനുവരി 29ന് വിചാരണക്കോടതിക്ക് ലാബ് അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. 2022 ഫെബ്രുവരിവരെ ഇക്കാര്യം കോടതി പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ലെന്നും കേസിന്റെ തുടരന്വേഷണത്തിലാണ് ഇത് അറിഞ്ഞതെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.