തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത അന്വേഷണ ഏജൻസിക്കെതിരെ ഹൈകോടതിയെ സമീപിച്ചതോടെ സംസ്ഥാന സർക്കാറിന്‍റെ സ്ത്രീ സൗഹൃദ പ്രതിച്ഛായക്ക് മങ്ങൽ. അതിജീവിതക്കൊപ്പമെന്ന മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫിന്‍റെയും പ്രഖ്യാപനങ്ങളും വെള്ളത്തിൽ വരച്ച വരയായി.

അതിജീവിതയും വനിതകളുടെ സിനിമ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും അന്വേഷണത്തിന്‍റെ ഒരുഘട്ടം മുതൽ ഉന്നയിച്ച അട്ടിമറി ആരോപണം ശരിവെക്കുന്നതരത്തിലാണ് കേസന്വേഷണം. കോടതിയിൽ രഹസ്യമായി സമർപ്പിച്ച തെളിവ് പ്രതിയെന്ന് ആരോപിക്കപ്പെട്ടവരുടെ കൈയിൽ എത്തിയെന്നതും സാക്ഷികളെ കൂട്ടമായി പ്രതിഭാഗം കൂറുമാറ്റിയെന്നുമുള്ള ആരോപണം പുറത്തുവന്നത് മുതൽ കേസിൽ അട്ടിമറി ഭീഷണി ഉയർന്നിരുന്നു.

എന്നാൽ, അപ്പോഴൊക്കെ അതിജീവിതക്കൊപ്പമെന്നും അന്വേഷണം അട്ടിമറിക്കപ്പെടില്ലെന്നുമുള്ള ഉറപ്പാണ് സർക്കാറിൽ നിന്ന് ഉണ്ടായത്. പലപ്പോഴും ഡബ്ല്യു.സി.സിക്ക് പരസ്യമായി അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടേണ്ടിവന്നു. അതിജീവിതക്കും അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നവർക്കുമെതിരെ വ്യാപക ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. എൽ.ഡി.എഫ് സർക്കാറിന്‍റെ ഉന്നതങ്ങൾ രാഷ്ട്രീയ- സാമ്പത്തിക സ്വാധീനമുള്ള ഏതൊരാൾക്കും കൈയെത്തും ദൂരത്താണെന്നുകൂടി തെളിയിക്കുന്നതാണ് അതിജീവിത ഹരജിയിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ.

സാമൂഹിക ഒറ്റപ്പെടലിന്‍റെയും അപകീർത്തിയുടെയും വെല്ലുവിളികൾ അതിജീവിച്ചാണ് അതിജീവിത താൻ നേരിട്ട ആക്രമണത്തിനെതിരെ കേസ് നൽകിയത്. അതിനെക്കുറിച്ച് അടുത്ത കാലത്ത് അവർ തുറന്നുപറഞ്ഞത് ദേശീയതലത്തിൽതന്നെ ചർച്ചയായി. ഇതിനുശേഷമാണ് അന്വേഷണ ചുമതലയുള്ള ക്രൈംബാഞ്ച് എ.ഡി.ജി.പിയെ സ്ഥാനം മാറ്റിയത്. തൃക്കാക്കരയിൽ തുടർഭരണത്തിന്‍റെയും ഒന്നാം പിണറായി സർക്കാറിന്‍റെയും നേട്ടങ്ങൾ എണ്ണി പറഞ്ഞ് വോട്ട് തേടുമ്പോഴാണ് ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന അട്ടിമറി ആരോപണം പുറത്തുവരുന്നതും.

Tags:    
News Summary - Actress assault case: Destroying image of government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.