കൊച്ചി/ ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ നടന്ന ചോദ്യം ചെയ്യൽ രാത്രിവരെ നീണ്ടു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. രാവിലെ പത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും 11.30നാണ് ദിലീപ് എത്തിയത്.
ആലുവയിലെ വീട്ടിൽനിന്ന് തോട്ടക്കാട്ടുകര കവലവഴി മണപ്പുറം റോഡിലുള്ള പൊലീസ് ക്ലബിലേക്ക് ദിലീപ് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, എല്ലാവരുടെയും ശ്രദ്ധയിൽനിന്ന് മാറി ദേശത്തെ വീട്ടിൽനിന്ന് മണപ്പുറം വഴിയാണ് ക്ലബിൽ എത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ ചോദ്യാവലി പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ. ഫോറൻസിക് റിപ്പോർട്ടുകൾ, ഡിജിറ്റൽ തെളിവുകൾ തുടങ്ങിയവ മുന്നിൽവെച്ച് ദിലീപിനെതിരായ ആരോപണങ്ങളിൽ വ്യക്തത വരുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടുകൾ ഉൾപ്പെടെ ചോദ്യം ചെയ്യലിൽ വിഷയമായി. എന്നാൽ, ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചതായാണ് സൂചന.
നടി ആക്രമിക്കപ്പെട്ട കേസിൽ നാലുവർഷത്തിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.