ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് തെറ്റായ കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നെന്നും, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ആരോപിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസവും സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ധനായ ഡോ. എസ്.പി സുനിലിനെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ധ എ.എസ് ദീപയെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു. എന്നാൽ, കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് വിസ്തരിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണ്. അന്തിമ വാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കും. ജാമ്യം ലഭിച്ചാൽ പൾസർ സുനി മുങ്ങാനും ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ക്രൂരമായ ആക്രമണമാണ് അതിജീവിതക്ക് നേരെ ഉണ്ടായതെന്നും കേരളത്തിൽ അപൂർവമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും, വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം തന്റെ അവകാശമാണെന്ന പൾസർ സുനിയുടെ വാദത്തെ എതിർത്ത് കേരളം ബോധിപ്പിച്ചു. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതി പുറപ്പടുവിച്ചിട്ടുള്ള മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹരജി തള്ളണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ അഭ്യർഥിച്ചു. ജാമ്യഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.