കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് ഹൈകോടതി ഒന്നര മാസം കൂടി അനുവദിച്ചു. മൂന്നുമാസം സമയംതേടി ക്രൈംബ്രാഞ്ച് നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജൂലൈ 15 വരെ അനുവദിച്ചത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണം ആരംഭിച്ചത്. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയും മേയ് 30 വരെ സമയം നീട്ടി വാങ്ങുകയും ചെയ്തു. എന്നിട്ടും അന്വേഷണം പൂർത്തിയായില്ലെന്ന് വ്യക്തമാക്കിയാണ് വീണ്ടും ഹൈകോടതിയെ സമീപിച്ചത്.
ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും ഫോറൻസിക് പരിശോധന ഫലങ്ങളും ആറ് ശബ്ദ സാമ്പിളുകളും ലഭിക്കാനുണ്ടെന്നതുമടക്കം ആവശ്യങ്ങളാണ് ക്രൈംബ്രാഞ്ച് ഉന്നയിച്ചത്. രണ്ടു മൊബൈലുകൾ കൂടി കണ്ടെടുക്കാനുണ്ട്. കുറച്ചു സാക്ഷികളെ കൂടി ചോദ്യം ചെയ്യണം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നും വലിയ തോതിൽ രേഖകൾ പരിശോധിക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. മൊബൈലിലെ സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങളാണ് സംഘം അന്വേഷിക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഫോറൻസിക് പരിശോധനാഫലം അന്വേഷണസംഘം തന്നെ വൈകിപ്പിക്കുകയാണ്. ഫോണുകളിലെ വിവരങ്ങളെല്ലാം ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ച് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മൊബൈലുകൾ കണ്ടെടുക്കണമെന്ന ആവശ്യം അപ്രസക്തമാണ്.
കോടതിയിലുള്ള മെമ്മറി കാർഡിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവില്ലെന്നും അന്വേഷണത്തിനുള്ള ഉത്തരവാദിത്തം കോടതിക്കാണെന്നും ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന്റെ വിശദീകരണം കണക്കിലെടുത്ത് സമയം നീട്ടി നൽകണമെന്ന ആവശ്യം പരിഗണിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞു. തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.