കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്‍റെ രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിനിടെ സംവിധായകൻ ബാലചന്ദ്ര കുമാറിനെയും വിളിച്ചുവരുത്തി ക്രൈംബ്രാഞ്ചിന്‍റെ നാടകീയ നീക്കം. രാവിലെ 11ഓടെ ആലുവ പൊലീസ് ക്ലബിൽ എത്തിയ ദിലീപിനെയും ഉച്ചക്ക് രണ്ടരയോടെ വിളിപ്പിച്ച ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി വിവരങ്ങൾ തേടി. ഒമ്പതര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ വിട്ടയച്ചത്. ഇതിൽ നാലര മണിക്കൂർ ബാലചന്ദ്ര കുമാറിനെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ഇരുവരുടെയും മറുപടി വിഡിയോയില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്ത വിഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിനുശേഷമാണ് ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ നടന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും വാദിച്ചിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് വികാരാധീനനായാണ് പ്രതികരിച്ചതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു.
ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വിഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കിയത്. അന്വേഷണസംഘത്തെ വകവരുത്താൻ ദിലീപും ബന്ധുക്കളും അടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനുശേഷം ഇരുവരും നേരിൽ കാണുന്നത് ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിലാണ്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടില്‍ ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്ന് കണ്ടതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എ.ഡി.ജി.പി എസ്. ശ്രീജിത്ത്, എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പി ബൈജു എം. പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.