നടിയെ ആക്രമിച്ച കേസ്; ഫോൺ സംഭാഷണം കോടതിക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ കോടതിക്ക് കൈമാറി. തുടരന്വേഷണത്തിൽ ലഭിച്ച നിർണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെൻഡ്രൈവ് കോടതിക്ക് നൽകിയത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഉപഹരജിയുടെ ഭാഗമായാണ് ഇവ നൽകിയത്. കേസന്വേഷണത്തിൽ നിർണായകമാണ് ഈ സംഭാഷണങ്ങളെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും സുഹൃത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ ഡോക്ടർ ഹൈദരലിയും സൂരജും തമ്മിലുള്ള 5.44 മിനിറ്റ് സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ 4.33 മിനിറ്റ് സംഭാഷണം എന്നിവയാണ് പെൻ ഡ്രൈവിലുള്ളത്. മൂന്ന് ശബ്ദ ക്ലിപ്പുകളും കൈമാറി. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഉപഹരജി നൽകിയത്.

'തിരിച്ചുകൊടുത്ത പണി'

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കില്ലെന്നും കാവ്യയുടെ ഇടപെടലാണ് പിന്നിലെന്നും സൂചിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ദിലീപിന്‍റെ സഹോദരീഭർത്താവായ സുരാജ് മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിച്ചതെന്ന് കരുതുന്ന സംഭാഷണം ഇത്തരം സൂചനകളുള്ളതാണ്. ശബ്ദസന്ദേശത്തിൽ നിന്ന്: ''കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ എല്ലാവരുംകൂടെ പണി കൊടുത്തപ്പോൾ, തിരിച്ചുകൊടുത്ത പണിയാണിത്. അതിൽ ചേട്ടന് പങ്കില്ല. ജയിലിൽനിന്ന് വന്ന കാൾ നാദിർഷ എടുത്തശേഷമാണ് ചേട്ടനിലേക്ക് കാര്യങ്ങൾ വരുന്നത്. അല്ലെങ്കിൽ കാവ്യയാണ് കുടുങ്ങുക. കാവ്യയെ കുടുക്കാൻ വെച്ചത് ചേട്ടൻ കേറി ഏറ്റുപിടിച്ചതാണ്. ഒന്നുമില്ലെന്ന് പറഞ്ഞ് എല്ലാവരുടെയുംകൂടെ കാവ്യ കൂട്ടുകൂടി നടന്നു. അവസാനം ചേട്ടൻ കെട്ടിക്കൊണ്ടുപോയപ്പോൾ അവർക്ക് തോന്നിയ വൈരാഗ്യമാണ്. എന്തോ ഭയങ്കര സംഭവമാണെന്നാണ് അവരുടെ വിചാരം''.

നടി ആക്രമിക്കപ്പെട്ട സംഭവം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചന എന്നിവയെക്കുറിച്ചെല്ലാം കാവ്യയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയും. 

സായ്ശങ്കർ കീഴടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്‍റെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചയാളെന്ന് കരുതുന്ന ഐ.ടി വിദഗ്ധൻ സായ്ശങ്കർ കീഴടങ്ങി. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് ഹാക്കറായ ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ഏഴാം പ്രതിയാണ് ഇയാൾ.

ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രി വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ചിന്‍റെ തൃപ്പൂണിത്തുറ ഓഫിസിലെത്തി കീഴടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റിയ ഇയാളെ വെള്ളിയാഴ്ച രാവിലെ ആലുവ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന പൂർത്തിയാക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് സായ്ശങ്കറിന് ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ സായ്ശങ്കറിൽനിന്ന് ലഭ്യമാകുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് എസ്.പി മോഹനചന്ദ്രൻ പറഞ്ഞു.ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ കഴിഞ്ഞ ജനുവരി 31ന് കൊച്ചിയിലെത്തി നശിപ്പിച്ചത് സാ‍യ്ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ദിലീപിന്‍റെ മൊബൈലിലെ വിവരങ്ങൾ മായ്ക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് ചില വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. കോവിഡ് ല‍ക്ഷണങ്ങളുള്ളതുകൊണ്ട് സാവകാശം വേണമെന്നും സായ്ശങ്കർ ആവശ്യപ്പെട്ടിരുന്നു.

മുൻകൂർ ജാമ്യ ഹരജി തള്ളി

കൊച്ചി: പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഇതുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബാലചന്ദ്രകുമാറിന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജി തള്ളി നടപടികൾ അവസാനിപ്പിച്ചത്. നടൻ ദിലീപിനെതിരെ താൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് യുവനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണമെന്നും ഇതിനുള്ള പ്രതികാരമെന്ന നിലയിൽ ദിലീപ് മുൻകൈയെടുത്ത് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ ആരോപണം. 

Tags:    
News Summary - actress attack case dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.