കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം ഒരുമാസത്തിനകം. നിലവിൽ 11ാം പ്രതിയായ നടൻ ദിലീപ് പുതിയ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും. പൾസർ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചന നടത്തിയവർ, തെളിവ് നശിപ്പിച്ചവർ എന്നിങ്ങനെ 13 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടാവുക.
കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകൾ അടക്കമാണ് സുനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കുറ്റം. ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവും ലഭിച്ചതായി അന്വേഷണസംഘം അവകാശപ്പെടുന്നു. അതിനുമുമ്പ് നിർണായകമായ രണ്ട് അറസ്റ്റുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകൻ നാദിർഷ, ദിലീപിെൻറ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യലിന് വീണ്ടും വിളിച്ചുവരുത്തും.
കാവ്യ മാധവനെയും മാതാവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവർക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതാണ് രണ്ടാംഘട്ട മൊഴിയെടുക്കൽ വൈകാൻ കാരണം. 20 വർഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയാറാക്കുന്നത്. ആദ്യഘട്ടത്തിൽ പൾസർ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ ആൻറണി, മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്ത ചാൾസ് ആൻറണി എന്നിവരായിരുന്നു പ്രതികൾ. അനുബന്ധ കുറ്റപത്രത്തിൽ ജയിലിൽ ഫോണുപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻലാൽ, ദിലീപ്, സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയർ രാജു ജോസഫ് എന്നിവരായിരിക്കും പ്രതികൾ.
പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ചതിനാണ് അഭിഭാഷകരെ പ്രതിയാക്കുന്നത്. സുനി സൂക്ഷിക്കാൻ ഏൽപിച്ച മൊബൈൽ ഫോണും മെമ്മറി കാർഡും ജൂനിയറായ രാജു ജോസഫിനെ ഏൽപിച്ചെന്നും അത് അദ്ദേഹം നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ മൊഴി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതീഷ് ചാക്കോ ഒളിവിൽ പോയിരുന്നു.
മുൻകൂർ ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ് പൊലീസിന് മുന്നിൽ ഹാജരായത്. പിന്നീട് അറസ്റ്റിലായ രാജു ജോസഫിനെ ജാമ്യത്തിൽ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.