കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണകോടതി മുമ്പാകെ ഹാജരാകും. കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹരജിയിലായിരുന്നു നിർദേശം.
ഹാക്കർ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് വധ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിലെ നിർണായക വിവരങ്ങൾ ദിലീപിന്‍റെ ഫോണിൽ നിന്നും സായ്ശങ്കർ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.കഴിഞ്ഞ ദിവസം സായ് ശങ്കറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണസംഘം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴിയെടുത്തത്.
ദിലീപിന്‍റെ ഫോണിലെ നിർണായക വിവരങ്ങൾ സായ് ശങ്കറിന്‍റെ സഹായത്തോടെ നശിപ്പിച്ചതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ഇയാളെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് രഹസ്യമൊഴിയെടുത്തത്. സായ് ശങ്കറിന്‍റെ കോഴിക്കോട്ടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറിൽനിന്ന് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായ്ച്ചതിന്‍റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് അന്വേഷണ സംഘം വൃക്തത വരുത്തും. കാവ്യയെ വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്‌ചത്തെ ചോദ്യം ചെയ്യൽ ബുധനാഴ്‌ചത്തേക്ക് മാറ്റിയിരുന്നു.
ബുധൻ ഉച്ചക്ക് രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യയുടെ അപേക്ഷയാണ് തള്ളിയത്. വീടൊഴികെ സ്വതന്ത്രമായ മറ്റൊരു സ്ഥലത്ത് ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
അസൗകര്യമുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്ന് കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിയത്. ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചോദ്യം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.