കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കാവ്യ ഹാജരാകുന്നത്. കഴിഞ്ഞ മേയിൽ കാവ്യ കോടതിയിൽ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
കേസിൽ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. കഴിഞ്ഞ മാസം കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പണം ആവശ്യപ്പെട്ട് നടൻ ദിലീപിന് കത്തെഴുതിയതിന് സാക്ഷിയാണ് വിഷ്ണുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പിന്നീട് തനിക്കറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ സന്നദ്ധനാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും വിഷ്ണു ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം മാപ്പ്സാക്ഷിയാക്കുകയും പ്രതിക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു.
എന്നാൽ വിചാരണ നടപടികൾ തുടങ്ങിയപ്പോൾ വിസ്താരത്തിന് ഹാജരാകാൻ സമൻസ് അയച്ചെങ്കിലും വിഷ്ണു ഹാജരായിരുന്നില്ല.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. സുപ്രീം കോടതി 2021 ആഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് മൂലം നടപടികൾ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തിൽ പറയുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നൽകിയത്. കേസില്‍ 300ലധികം സാക്ഷികളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.