അങ്കമാലി: നടി ആക്രമിക്കപ്പെട്ട സംഭവം ഡൽഹിയിലെ നിർഭയ കേസിനേക്കാൾ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ. ചൊവ്വാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ ഇൗ വാദം ഉയർത്തിയത്. സുനിക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദം ബുധനാഴ്ചയും തുടരും.
നിർഭയ കേസിലേതിനേക്കാൾ പ്രഹരശേഷിയുള്ള തെളിവുകൾ ഇൗ സംഭവത്തിലുണ്ടെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. അതിനാൽ നടപടികളെല്ലാം തുറന്ന കോടതിയിൽ ആകരുത്. പല നിർണായക തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അവ രഹസ്യമായി വെക്കേണ്ടവയാണ്. നടിയുടെ മൊഴി തുറന്ന കോടതിയിൽ വെളിപ്പെടുത്തണമെന്ന പ്രതിഭാഗത്തിെൻറ വാദം ബാലിശമാണ്. രഹസ്യമൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകണമെന്ന വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു. പ്രതി എണ്ണമറ്റ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മഹാഭാരതം രചിക്കാവുന്നത്ര കേസുകളിൽ ഉൾപ്പെട്ട പ്രതിക്ക് ജാമ്യം ആവശ്യപ്പെടുന്നത് അന്യായമാണ്. ഇത്തരം കേസുകളിലെ വിചാരണ രഹസ്യമായാണ് നടത്തേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, ആർക്കെതിരെയും ആരോപണം ഉന്നയിക്കാമെന്നും തെളിവുകൾ കണ്ടെത്തുക അസാധ്യമാണെന്നും പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ വാദിച്ചു. 2010ലും 2011ലും എവിടെയോ ആരോ എേന്താ കുറ്റം ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദം. എന്താണെന്ന് വ്യക്തമല്ല. യുക്തിയും പരസ്പരബന്ധവുമില്ലാത്തവയാണ് തെളിവുകളെന്നും ആളൂർ വാദിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ, ആളൂർ ഹാജരാകാതിരുന്നതിനാൽ വാദം മുടങ്ങി. പിന്നീട് രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും അദ്ദേഹം ഹാജരായില്ല. ചൊവ്വാഴ്ച കോടതി നടപടി ആരംഭിച്ചപ്പോൾതന്നെ ആളൂർ എത്തിയെങ്കിലും 11.55നാണ് ജാമ്യാപേക്ഷ പരിഗണനക്കെടുത്തത്. ആളൂരിെൻറ വാദത്തിനിടെ ഇടപെട്ട കോടതി, പഴയ കേസുകൾ കുറെക്കൂടി പരിഗണിച്ചശേഷം തുടരാമെന്ന് പറഞ്ഞ് ഫയൽ മാറ്റിവെച്ചു.
വൈകീട്ട് നാലിനാണ് വാദം പുനരാരംഭിച്ചത്. അര മണിക്കൂർ പിന്നിട്ടപ്പോൾ കോടതി പ്രോസിക്യൂഷന് അവസരം നൽകിയെങ്കിലും തനിക്ക് പൂർത്തിയാക്കാൻ അവസരം വേണമെന്ന് ആളൂർ ആവശ്യപ്പെട്ടു. അദ്ദേഹത്തിെൻറ ചില പരാമർശങ്ങൾ കോടതിയുടെ വിമർശനത്തിനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.