'അമ്മയിൽ അംഗത്വത്തിന് കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടു; ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ച് മോശമായി പെരുമാറി'

ലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമീഷന്‍റെ റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്നത് ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ. ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനും 'അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖിനും ആരോപണങ്ങൾക്കൊടുവിൽ രാജിവെച്ച് പുറത്തുപോകേണ്ടിവന്നു. വെളിപ്പെടുത്തലുകളുടെ പരമ്പരയിൽ, ഏറ്റവുമൊടുവിൽ ആരോപണങ്ങളുമായെത്തിയത് നടി മിനു മുനീറാണ് (മിനു കുര്യൻ). നടനും എം.എൽ.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി വെളിപ്പെടുത്തിയത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.

അമ്മയിൽ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇത്രയും പേർക്ക് കിടക്ക പങ്കിടണമെന്ന ആവശ്യമാണ് പറഞ്ഞത്. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്ന് മുകേഷ് പറഞ്ഞു. താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. അക്കാലത്ത് തന്നെ ഇക്കാര്യം താൻ തുറന്നു പറഞ്ഞിരുന്നു. അഡ്ജസ്റ്റ്മെന്‍റുകളോട് പൊരുത്തപ്പെടാനാകാതെ മലയാളം ഫിലിം ഇൻഡസ്ട്രി വിട്ട് ചെന്നൈയിലേക്ക് പോകേണ്ടിവന്നു. ഇക്കാര്യം കലാകൗമുദിയിൽ അന്ന് ലേഖനമായി വന്നിരുന്നു. എന്നാൽ, ആരും അന്ന് അതിനെക്കുറിച്ച് സംസാരിക്കാൻ തയാറായില്ല.

പലരിൽ നിന്നും പല സന്ദർഭങ്ങളിലാണ് ദുരനുഭവമുണ്ടായത്. 2013ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യ മോശമായി പെരുമാറിയത്. ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. പിന്നീട്, തനിക്ക് തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു.

സിദ്ദിഖിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട യുവനടി കരഞ്ഞു പറയുന്നത് കണ്ടപ്പോൾ ഏറെ വിഷമമുണ്ടായി. ഒരുപാട് കഴിവുള്ള പുതിയ കുട്ടികൾ കേരളത്തിലുണ്ട്. അവർക്ക് എന്തുകൊണ്ടാണ് കയറിവരാൻ സാധിക്കാത്തത് എന്ന് എനിക്ക് നന്നായിട്ട് അറിയാം. മുകേഷിന്‍റെയൊക്കെ ഇന്നലത്തെ പ്രതികരണം കണ്ടിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടാണ് അയാളുടെ പ്രതികരണം. അതോടെയാണ് ഇക്കാര്യങ്ങൾ ജനങ്ങൾ അറിയട്ടെയെന്ന് കരുതിയത് -മിനു കുര്യൻ പറഞ്ഞു. 

Tags:    
News Summary - Actress Minu Kurians allegations against Mukesh and Jayasuriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.