കൊച്ചി: മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ അധികച്ചുമതല ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ബൈജുവിന് കൈമാറിയ സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. 2018ൽ മൈനിങ് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്മേലുള്ള വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് ഉദ്യോഗസ്ഥൻ അച്ചടക്ക നടപടി നേരിട്ടതടക്കം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
നിലവിൽ ഡെപ്യൂട്ടി ഡയറക്ടറായ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് ഡയറക്ടറുടെ അധികച്ചുമതല നൽകുന്നതിനെതിരെ സെറ എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
2018ൽ പ്ലാക്കാട്ട് ഗ്രാനൈറ്റ്സ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് മൈനിങ് ലൈസൻസ് നൽകിയ അഴിമതിയുണ്ടെന്ന് കോടതിയടക്കം ചൂണ്ടിക്കാട്ടുകയും വിജിലൻസ് റിപ്പോർട്ട് പ്രതികൂലമാവുകയും ചെയ്തിട്ടും ബൈജുവിന് ഡയറക്ടറുടെ അധികച്ചുമതല നൽകിയ നടപടി സ്വേച്ഛാപരമാണെന്നായിരുന്നു ഹരജിയിലെ വാദം. ചട്ടം ലംഘിച്ചാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഐ.എ.എസുകാരെ ലഭ്യമല്ലാതിരുന്നതിനാലാണ് െഡപ്യൂട്ടി ഡയറക്ടർക്ക് അധികച്ചുമതല നൽകിയതെന്ന് നിയമന ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഈ വാദം തള്ളിയ കോടതി സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.