തിരുവനന്തപുരം: എ.ഡി.ജിപി എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സി.പി.ഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. സർക്കാർ ന്യായീകരണം എന്തു കൊണ്ട് സി.പി.ഐക്കു ബോധ്യപ്പെടുന്നില്ലെന്ന് അവരോട് തന്നെ ചോദിക്കണം.
തൃശൂർപൂരവുമായി ബന്ധപ്പെട്ട പരാതി ഗവൺമെന്‍റിന് മുന്നിലുണ്ട്. എ.ഡി.ജി.പിക്കെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കും. പി. ശശിക്കെതിരായ പി.വി. അൻവർ എം.എൽ.എയുടെ പരാതി എൽ.ഡി.എഫിന് മുന്നിൽ വന്നിട്ടില്ല. തന്‍റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തൃശൂർ പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു നടപടിയും നടന്നിട്ടില്ലെന്ന പൊലീസിന്റെ നിലപാട് ഞെട്ടിക്കുന്നതും ദുരൂഹവുമാണെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ പറഞ്ഞു. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് പിന്നിൽ ആരാണെന്ന് അറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. നാല് മാസം മുമ്പ് മുഖ്യമന്ത്രിയാണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചോദിക്കുമ്പോൾ അങ്ങനെയൊരു അന്വേഷണം നടന്നിട്ടെയില്ലായെന്ന പൊലീസിന്റെ മറുപടി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പൂരംകലക്കലിൽ വ്യക്തികളോ സംഘടനകളോ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാനായിരുന്നു ബി.ജെ.പി ശ്രമം. പൂരംകലക്കലിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവായി വിവരാവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടിയാണ് പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.