തിരുവനന്തപുരം: എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച ഡി.ജി.പിയുടെ പരിശോധനക്ക് വിട്ടതിൽ എൽ.ഡി.എഫ് ഘടകകക്ഷികളിൽ കടുത്ത അതൃപ്തി. മുന്നണി യോഗത്തിന് ശേഷം സി.പി.ഐ പരസ്യമായി നിലപാട് ആവർത്തിച്ചു. സാധാരണ എത്ര അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചചെയ്ത് തീരുമാനത്തിലെത്തിയാൽ പിന്നീട് ഘടകകക്ഷികൾ പരസ്യപ്രസ്താവനക്ക് മുതിരാറില്ല. ഈ കീഴ്വഴക്കം മറികടന്നാണ് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചത്. ‘എ.ഡി.ജി.പിയെ മാറ്റണമെന്ന നിലപാടിൽ സി.പി.ഐ മുന്നോട്ടോ പിന്നോട്ടോ പോയിട്ടില്ല. എ.ഡി.ജി.പി സ്ഥാനത്ത് അജിത്കുമാർ തുടരുന്നതിന്റെ യുക്തി താനല്ല പറയേണ്ടതെന്നുമായിരുന്നു’ ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അവകാശപ്പെടുമ്പോഴും വിവാദ കൂടിക്കാഴ്ചയിലെ കുറ്റാരോപിതൻ എം.ആർ. അജിത്കുമാറിനെ സുപ്രധാന ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ പോലും മുഖ്യമന്ത്രി സന്നദ്ധമാകാത്തതാണ് ഘടകകക്ഷികൾക്ക് ദഹിക്കാത്തത്.
മുന്നണി യോഗത്തിൽ സി.പി.ഐയും ആർ.ജെ.ഡിയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ചർച്ച അവസാനിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രിയാണ് ഡി.ജി.പിയുടെ അന്വേഷണ പരിധിയിൽ ആർ.എസ്.എസ് കൂടിക്കാഴ്ചയും ഉൾപ്പെടുമെന്ന വിചിത്ര നിലപാട് സ്വീകരിച്ചത്. ഇതോടെ ഇ.പി. ജയരാജൻ, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളിൽനിന്ന് മലക്കംമറിയേണ്ട നിസ്സഹായതയും മുന്നണിക്കുണ്ടായി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തിനോട് പാർട്ടി രാജി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച വാർത്തസമ്മേളനത്തിലെ ചോദ്യത്തിന് ‘എക്സിക്യൂട്ടിവ് ചുമതല വഹിക്കുന്നയാൾ പദവിയിൽ തുടരവേ അയാൾക്കെതിരെ അന്വേഷണം നടത്തിയാൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് രാജിവെച്ചതെന്നുമായിരുന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. അന്വേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത പദവിയാണ് അക്കാദമി ചെയർമാന്റേത്. അന്വേഷിക്കുന്നത് പൊലീസും.
ഈ സാഹചര്യത്തിലായിരുന്നു പാർട്ടിയുടെ സൂക്ഷ്മതയും രാജി ആവശ്യപ്പെടലും. എന്നാൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഇടത് എം.എൽ.എ ഉയർത്തിയ ഗുരുതര ആരോപണങ്ങളിൽ പൊലീസ് അന്വേഷിക്കുമ്പോഴാണ് എക്സിക്യൂട്ടിവ് ചുമതല വഹിക്കുന്ന കുറ്റാരോപിതനെ ചുമതലയിൽ നിലനിർത്തിയുള്ള മുഖ്യമന്ത്രിയുടെ രക്ഷാദൗത്യം.
ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കം കാരണങ്ങളെ തുടർന്നാണ് ഇ.പി. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നീക്കിയതെന്നാണ് എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്. എന്നാൽ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ സംരക്ഷിക്കേണ്ടിവന്ന സാഹചര്യത്തിൽ ഇ.പിയെ മാറ്റിയത് ബി.ജെ.പി കൂടിക്കാഴ്ചയുടെ പേരിലല്ലെന്നും സംഘടനപരമായ കാരണങ്ങളാണെന്നും മാറ്റിപ്പറയുകയാണ് പാർട്ടി കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.