അട്ടപ്പാടി ശിശുമരണം സാമൂഹികഅടുക്കള പരിഹാരമല്ളെന്ന് ആദിവാസികള്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസിശിശുമരണം തടയുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹികഅടുക്കള 100ശതമാനം പരാജയം. ഇപ്പോള്‍ 30-40 ഊരുകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. റേഷനരി പുഴുങ്ങി സവാളയും തക്കാളിയും അരിഞ്ഞിട്ട് നല്‍കുകയാണ് ചെയ്യുന്നത്. കുടുംബശ്രീയെയും ചില കോണ്‍ട്രാക്ടര്‍മാരെയും സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത് നടത്തുന്നതെന്നാണ് ആദിവാസികളുടെ ആക്ഷേപം. തരിശുഭൂമി കൃഷിയോഗ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് പ്രശ്നത്തിന്‍െറ യഥാര്‍ഥ പരിഹാരമെന്ന് അറിയാമെങ്കിലും അഴിമതി ലക്ഷ്യമാക്കിയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് ആക്ഷേപം. സര്‍ക്കാറിന്‍െറ റേഷനരിയെ ആശ്രയിച്ച് ജീവിച്ചിരുന്നവരല്ല ആദിവാസികള്‍. സ്വന്തമായി കാര്‍ഷികോല്‍പാദനം നടത്തി ആദിവാസികള്‍ അട്ടപ്പാടിയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് നിലക്കടല, ചോളം, റാഗി, പരുത്തി തുടങ്ങിയവയെല്ലാം നൂറുകണക്കിന് ലോഡ് കയറ്റിയയച്ചിരുന്ന കാലമുണ്ടായിരുന്നു.

1985 സെപ്റ്റംബര്‍ നാലിന് ഇ.കെ. നായനാര്‍ നിയമസഭയില്‍ അട്ടപ്പാടിയിലെ വരള്‍ച്ചയെക്കുറിച്ച് സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍  ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ നിന്ന് പ്രതിവര്‍ഷം 200 ലോഡ് നിലക്കടലയും 150 ലോഡ് ചോളവും നൂറുകണക്കിന് ലോഡ് റാഗിയും പരുത്തിയും കയറ്റിയയച്ചിരുന്നു. പക്ഷേ, വരള്‍ച്ചയുടെഫലമായി അട്ടപ്പാടി പിന്നാക്ക പ്രദേശങ്ങളില്‍ കൃഷി നശിക്കുകയും കാലിവളര്‍ത്തല്‍ അവതാളത്തിലാകുകയും ചെയ്തു. അതിനുശേഷമാണ് ജപ്പാന്‍ ബാങ്കിന്‍െറ 219 കോടി ചെലവഴിച്ച് 1996ല്‍ അഹാഡ്സ് ‘അട്ടപ്പാടി പരിസ്ഥിതി പുന$സ്ഥാപന പദ്ധതി’ നടപ്പാക്കിയത്. എന്നാല്‍, തകര്‍ന്ന കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി സഹായകമായില്ല.

ഇക്കാലത്ത് തരിശായ ആദിവാസിഭൂമി വ്യാജരേഖ ചമച്ച് വ്യാപകമായി കൈയേറി. അതിന്‍െറ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ കാറ്റാടിക്കമ്പനിയുടെ ആദിവാസിഭൂമി കൈയേറ്റം. ഇപ്പോള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുപകരം തരിശായിക്കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

 

Tags:    
News Summary - adivasi kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.