കോഴിക്കോട് : അട്ടപ്പാടിയിൽ കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് ആദിവാസികൾ. അഗളി മേലെ ഊരിലെ മല്ലീശ്വരിയും കുടുംബവുമാണ് മുത്തച്ഛൻ പോത്തയുടെ പേരിൽ പട്ടയമുള്ള ഭൂമി തിരിച്ചു പിടിച്ചത്. അഗളി വില്ലേജിൽ ഉൾപ്പെട്ട സർവേ നമ്പർ 1129/2 ൽ ഉൾപ്പെട്ട 5. 60 ഏക്കർ ഭൂമിക്ക് മുത്തച്ഛന് 1975 ൽ പട്ടയം ലഭിച്ചിരുന്നുവെന്ന് മല്ലീശ്വരി മാധ്യമം ഓൺലൈനോട് പറഞ്ഞു.
എന്നാൽ, ഈ ഭൂമി കൈയേറി ചിലർ ഷെഡ് കെട്ടിയതിനെതിരെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് (എസ്,എം.എസ്) പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. അതിനാലാണ് ഭൂമി കൈയേറിയവർ കെട്ടിയ ഷെഡ് ആദിവാസികൾ തന്നെ ഇന്ന് പൊളിച്ചു നീക്കിയത്.
താലൂക്ക് -വില്ലേജ് രേഖകളിൽ ഈ ഭൂമി പോത്തക്ക് പട്ടയം കിട്ടിയ ഭൂമിയാണെന്ന് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പോത്ത മരിക്കുന്നതുവരെ ആർക്കും ഭൂമി വിറ്റിട്ടില്ല. പോത്തയുടെ മരണശേഷമാണ് ചിലർ ഭൂമി കൈയേറിയത്. ഇതിനെതിരെ പാലക്കാട് കലക്ടർക്കും ആദിവാസികൾ പരാതി നൽകിയിരുന്നു. എന്നാൽ, റവന്യൂ അധികൃതരും നടപടി സ്വീകരിച്ചില്ല.
2022 സെപ്തംബർ മൂന്നിനാണ് ഭൂമിയിൽ കൈയേറ്റക്കാർ ഷെഡ് നിർമിച്ചത്. അതിനായി 20 ഓളം തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഉപയോഗിച്ചത്. ഭൂമിയിലേക്ക് വരുന്ന റോഡിൽ കരിങ്കല്ലുകൾ നിരത്തി വഴി തടഞ്ഞിരുന്നു. മല്ലീശ്വരിയുടെ കുടുംബം കൈയേറ്റം തടയാനെത്തിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പരാതി നൽകി എട്ടുമാലസത്തിന് ശേഷവും നടപടി സ്വീകരിക്കാത്തിനാലാണ് കൈയേറ്റക്കാർ ഭൂമിയിൽ കെട്ടി ഷെഡ് എന്ന് മല്ലീശ്വരിയും മറ്റ് ആദിവാസികളും ചേർന്ന് പൊളിച്ച് നീക്കിയതെന്നും മല്ലീശ്വരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.