വളാഞ്ചേരി മർക്കസ് കോളജിൽനിന്ന് വഫിയ്യ വിദ്യാർഥികളെ പൊലീസ് നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഹരിത മുൻ നേതാവ് അഡ്വ. നജ്മ തബ്ഷീറ. സ്‌കൂൾ പ്രവേശനോത്സവ ദിവസത്തില്‍ ഇത്തരമൊരു കാഴ്ചയിലേക്ക് കൺതുറക്കേണ്ടി വന്നതിനെ എന്താണ് വിശേഷിപ്പിക്കേണ്ടത് എന്ന് നജ്മ ചോദിച്ചു. രാഷ്ട്രീയത്തിന്‍റെയോ മതത്തിന്‍റെയോ ഏതളവുകോലിലും ഇതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'മഹിളാ മന്ദിരത്തിലാണ് ഇപ്പോൾ ആ കുട്ടികൾ. പൊലീസ് അവശ്യസാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെയാണ് പർദയിട്ട് ഇറക്കിക്കൊണ്ടു പോയത്. ഓരോരുത്തരോടും വീട്ടിൽ ആക്കിത്തരാം എന്നു പറഞ്ഞിരുന്നു. അതിനു സാധിക്കാതെ വന്നതോടെയാണ് മഹിളാ മന്ദിരത്തിൽ താമസിക്കേണ്ടി വന്നത്' - അവർ കുറിച്ചു.
പ്രവേശനോൽസവ ദിവസം ഇങ്ങനെയൊരു കാഴ്ചയിലേക്ക് കൺ തുറക്കേണ്ടി വന്നതിനെ എന്തു നിർഭാഗ്യമെന്നാണ് വിശേഷിപ്പിക്കേണ്ടത്?
കുട്ടികൾ വിളിച്ചിരുന്നു, മഹിളാ മന്ദിരത്തിലാണെന്നു പറഞ്ഞു, ഇന്നലെ വൈകുന്നേരം വലിയ ടീമുമായി വന്ന പൊലീസ് അവശ്യ സാധനങ്ങൾ പോലും എടുക്കാനനുവദിക്കാതെയാണ് ഹോസ്റ്റലിലിട്ട വസ്ത്രത്തിന്മേൽ ഒരു പർദയിടീപ്പിച്ച് അവരെ ഇറക്കിക്കൊണ്ടു പോയതെന്ന്!
ഓരോരുത്തരെയും വീട്ടിലാക്കിതരാമെന്നു പറഞ്ഞിരുന്നുവെന്നും, എന്നാലിപ്പോൾ അതിനു സാധിക്കാത്തതിനാൽ ആ പെൺകുട്ടികൾ മഹിളാ മന്ദിരത്തിലാണെന്നും പറഞ്ഞു.
എന്ത് കാരണം കൊണ്ടാണെങ്കിലും ശരി, നാളത്തെ പരീക്ഷയും കാത്ത് മറ്റൊന്നും നിനച്ചിരിക്കാത്ത ഇന്നലെ സന്ധ്യാ നേരത്ത് ആ പെൺകുട്ടികൾക്ക് പൊലീസ് കാവലിൽ അവിടം വിട്ടിറങ്ങി അപരിചിതമായ മറ്റൊരിടത്ത് തങ്ങേണ്ടി വന്ന സാഹചര്യം ഉണ്ടായത് ദുഃഖകരവും
രാഷ്ട്രീയത്തിന്റെയൊ മതത്തിന്റെയോ ഏതൊരു അളവുകോലിലും നീതീകരിക്കാൻ കഴിയാത്തതുമാണ്.
വിദ്യഭ്യാസമെന്നത് എന്താണെന്ന് ഒന്നുകൂടി ചിന്തിപ്പിക്കുന്നതാവട്ടെ ഈ ദിനം!
അനധികൃതമായി മർക്കസ് ഹോസ്റ്റലിൽ തങ്ങുന്നുവെന്ന അഡ്മിനിസ്‌ട്രേഷൻ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിദ്യാർത്ഥികളെ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.