തിരുവനന്തപുരം: എസ്.എഫ്.ഐയെ സാഡിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച് മുസ്‍ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ. ക്രൂരമായ റാഗിങ്ങിനെ തുടർന്ന് അത്മഹത്യ ചെയ്ത സിദ്ധാർത്ഥൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് തികയുന്ന ദിവസമാണിന്ന്. ഇന്ന് തന്നെയാണ് SFI സമ്മേളനത്തിന് കൊടിയുയരുന്നത്. ഈ സാഹചര്യത്തിലാണ് എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി ഷിബു മീരാൻ രംഗത്തെത്തിയത്.
ഇനിയും കൊടും ക്രൂരതകളും നേതാക്കളുടെ ഞങ്ങൾക്ക് ബന്ധമില്ല വായ്ത്താരിയും തുടരും.. പഴയ എസ്.എഫ്.ഐ കാലത്തിൻ്റെ വീമ്പ് പറയുന്ന കുറേ സാംസ്കാരിക നായകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ .. ആളെ കൊല്ലാതെ കൊല്ലുന്ന എസ്.എഫ്.ഐ ക്രൂരതകൾക്ക് ന്യായീകരണ സാഹിത്യമെഴുതും. ഈണത്തിൽ പാടും.. കുണുവാവകളെ മടിയിലിരുത്തി പുന്നാരിക്കും...ഒരു നാൾ,കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിക്കൂട്ടങ്ങളെ തല്ലിയോടിക്കുന്ന ജാഗ്രതയോടെ, വെള്ളക്കൊടി പിടിച്ചെത്തുന്ന നാട്ടുപന്നിക്കൂട്ടങ്ങളെയും കേരളം തുരത്തിയോടിക്കുമെന്ന് ഷിബു മീരാൻ എഴുതുന്നു. കാലം അതിനകം എസ്.എഫ്.ഐക്ക് പുതിയ പേരു കുറിക്കും.. അത്, സാഡിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയെന്നായിരിക്കുമെന്ന് ഷിബു മീരാൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
ക്രൂരമായ റാഗിങ്ങിനെ തുടർന്ന് അത്മഹത്യ ചെയ്ത (?)സിദ്ധാർത്ഥൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് തികയുന്ന ദിവസമാണിന്ന്.. ഇന്ന് തന്നെയാണ് SFI സമ്മേളനത്തിന് കൊടിയുയരുന്നതും... അതൊരാത്മഹത്യ ആണെങ്കിൽ കൊലപാതകത്തെക്കാൾ ക്രൂരമാണ്..പട്ടിണിക്കിട്ട്, പച്ച വെള്ളം കൊടുക്കാതെ, നഗ്നനാക്കി നിർത്തി ക്രൂരമായി മർദിച്ച് ഇനിയും ജീവിച്ചിരുന്നാൽ ആ പ്രതികളുടെ ക്രൂരത തനിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന ഭയാനകമായ തിരിച്ചറിവാണ് സിദ്ധാർത്ഥനെ സ്വയം ഇല്ലാതാവാൻ പ്രേരിപ്പിച്ചത് എന്നുറപ്പാണ്...
തങ്ങൾക്കു ബന്ധമില്ല.. എസ് എഫ് ഐ അന്ന് പറഞ്ഞതങ്ങനെയാണ്.. പക്ഷേ പ്രതികൾ ഒന്നൊഴിയാതെ അവരുടെ യൂണിറ്റ് ഭാരവാഹികളോ യൂണിയൻ ഭാരവാഹികളോ ആയിരുന്നു.. വർഷം ഒന്ന് കഴിഞ്ഞു.. ക്രൂരമായ റാഗിംഗ് വാർത്തകൾ വന്നു കൊണ്ടേയിരുന്നു.. ഏറ്റവമൊടുവിൽ ഗാന്ധി നഗർ നഴ്സിംഗ് കോളജിലെ നടുക്കുന്ന റാംഗിംഗ് ദൃശ്യങ്ങൾ നാം കണ്ടു.. അവിടെയും പ്രതിസ്ഥാനത്ത് SFI നേതാവുണ്ട്.. നേതൃത്വം പതിവു പല്ലവി ആവർത്തിച്ചു.. ഞങ്ങൾക്ക് ബന്ധമില്ല.. കാര്യവട്ടത്തെ റാഗിംഗ് കേസിലും ഇര പറയുന്നത് തുപ്പിയ വെള്ളം കുടിപ്പിച്ച് മുള കൊണ്ട് തല്ലി ചതച്ചത് എസ് എഫ് ഐ നേതാക്കളാണെന്നാണെന്നാണ്.. സമ്മേളന തിരക്കിനിടയിൽ സമയം നോക്കി നേതാക്കൾ നിഷേധിച്ചോളും... പക്ഷേ എസ് എഫ് ഐ എന്ന പേരിൽ കുറേ ഗുണ്ടകൾ തുടരുന്ന അരാജകത്വം ഇനിയും തുടരും.. ക്ലാസ് മുറികളും ഹോസ്റ്റൽ മുറികളും ആയുധപ്പുരകളായും കോൺസൺട്രേഷൻ ക്യാമ്പുകളായും തുടരും...
ഷുക്കൂറെന്നോരു തെമ്മാടിയെ ഓർമ്മയില്ലേ.. കുട്ടിത്തം മാറാത്ത കുട്ടി സഖാക്കൾ വിളിച്ച മുദ്രാവാക്യം നാം കേട്ടതാണ്.. ഷുക്കൂറിനെ കൊന്നത് ഞങ്ങളാണ്, വേണ്ടി വന്നാൽ ഇനിയും കൊല്ലും എന്ന ഭീഷണിയുണ്ട് അതിൽ...
ഇത്ര ചെറിയ പ്രായത്തിൽ ഈ കുട്ടികളുടെ മനസിൽ ഇത്രയധികം വയലൻസ് എവിടെ നിന്ന് വരുന്നു. മണ്ണിൽ ചോര ചാലൊഴുക്കട്ട..ചാലോ പിന്നെ പുഴയാകട്ടെ.. പുഴയോ പിന്നെ കടലാകട്ടെ.. ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരക്കട്ടെ...
ഇവർ പതിവായി വിളിക്കാറുള്ള മുദ്രാവാക്യങ്ങളിലൊന്നാണിത്.. കോളജ് ക്യാൻറീനിലെ പഴംപൊരിക്ക് നീളം കുറഞ്ഞതിനെതിരെ സമരം ചെയ്താലും ഇമ്മട്ടിലാണ് മുദ്രാവാക്യം.. ചോര, മാംസം, വെടി, അടി ,വേട്ടപ്പട്ടി ഇതൊക്കെ വച്ചൊരു കളിയാണ്.. മാർക്കോ സിനിമ തോറ്റു പോകുന്ന വയലൻസാണ് ആ മുദ്രവാക്യങ്ങൾ നിറയെ..
ഇതേറ്റ് വിളിക്കുന്ന SFI പ്രവർത്തകരുടെ പ്രായപരിധി കുറഞ്ഞത് 13 വയസാണ്.. അത് 30 വരെ പോകും.. ഇതൊക്കെ വിളിച്ച് ,അടിമുടി വയലൻസ് നിറഞ്ഞ സംഘടനാ പരിസരത്ത് വന്യ വികാരങ്ങൾ നിറഞ്ഞ ഒരാൾക്കൂട്ടത്തിൻ്റെ ഭാഗമായി നിൽക്കുന്ന ഒരു ശരാശരി എസ് എഫ് ഐ ക്കാരൻ തന്നോട് വിയോജിക്കുന്ന, തന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന, തന്നെ വിമർശിക്കുന്ന സഹപാഠിയെ സഹിഷ്ണുതയോടെ കാണുക എന്നത് അസാധ്യമാണ്...
ചുരുക്കത്തിൽ ഇത്രയേ ഉള്ളു.. ഇനിയും കൊടും ക്രൂരതകളും നേതാക്കളുടെ ഞങ്ങൾക്ക് ബന്ധമില്ല വായ്ത്താരിയും തുടരും.. പഴയ SFI കാലത്തിൻ്റെ വീമ്പ് പറയുന്ന കുറേ സാംസ്കാരിക നായകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ .. ആളെ കൊല്ലാതെ കൊല്ലുന്ന എസ് എഫ് ഐ ക്രൂരതകൾക്ക് ന്യായീകരണ സാഹിത്യമെഴുതും.. ഈണത്തിൽ പാടും.. കുണുവാവകളെ മടിയിലിരുത്തി പുന്നാരിക്കും... ഒരു നാൾ,കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിക്കൂട്ടങ്ങളെ തല്ലിയോടിക്കുന്ന ജാഗ്രതയോടെ, വെള്ളക്കൊടി പിടിച്ചെത്തുന്ന നാട്ടുപന്നിക്കൂട്ടങ്ങളെയും കേരളം തുരത്തിയോടിക്കും... കാലം അതിനകം എസ് എഫ് ഐ ക്ക്
പുതിയ പേരു കുറിക്കും.. സാഡിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ...
അഡ്വ: ഷിബു മീരാൻ..
ദേശീയ വൈസ് പ്രസിഡണ്ട്..
മുസ്ലിം യൂത്ത് ലീഗ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.