കോഴിക്കോട്: ഗുജറാത്ത് സിമി കേസിൽ കുറ്റവിമുക്തരായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു. ഗുജറാത്തിലെ സൂറത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ 2001ലാണ് പൊലീസ് രാജ്യദ്രോഹകുറ്റവും യു.എ.പി.എയും ചുമത്തിയത്. 20 വർഷങ്ങൾക്കുശേഷം തെളിവില്ലാത്തതിനാൽ കോടതി എല്ലാവരെയും നിരപരാധികളെന്ന് പ്രഖ്യാപിച്ച് വെറുതെവിട്ടിരിക്കുകയാണ്.
124 പേർക്കെതിരെ ഒരു തെളിവുമില്ലാതെയാണ് യു.എ.പി.എ ചാർത്തിയതെന്ന് കോടതിയുടെ നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഇരകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദ മുദ്രകുത്തി കേസുകളിൽ കുടുക്കി കാലങ്ങളായി വിചാരണ തടവുകാരായി കഴിയുന്ന മുസ്ലിം യുവാക്കളുണ്ട്.
പൗരത്വ പ്രക്ഷോഭം, ഡൽഹി വംശഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടും സമാനമായ ഭരണകൂട നടപടികൾ വർധിച്ചിരിക്കുകയുമാണ്. സൂറത്ത് സിമി കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇത്തരം കേസുകൾകൂടി പിൻവലിക്കാനും നഷ്ടപരിഹാരം നൽകാനും സാമൂഹിക സമ്മർദ്ദവും പ്രക്ഷോഭവും ഉണ്ടാകണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.