സി.പി.എമ്മിന് ‘തലവേദന’യായി വീണ്ടും അശ്ലീല വിവാദം; പിന്നിൽ ചേരിപ്പോര്

ആലപ്പുഴ: സി.പി.എമ്മിൽ വീണ്ടും അശ്ലീലതയുമായി ബന്ധപ്പെട്ട വിവാദം. സംഘടനാപരമായ വിഷയത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റിയത് നഗ്നതാപ്രദർശനത്തിന്‍റെ പേരിലാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ ആരോപണമാണ് പുതിയ തലവേദനയായത്. ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഭാര്യക്കുനേരെ നഗ്നത കാട്ടിയതിന് കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശനെ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം.

എന്നാൽ, സംഘടനാപ്രവർത്തനത്തിന് സമയം കിട്ടാത്തതിനാൽ ഒഴിവാക്കണമെന്ന് കാണിച്ച് കത്തുനൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പ്രകാശന് പകരം കെ.എസ്. ഗിരിക്ക് ചുമതല നൽകിയെന്നും ഏരിയ നേതൃത്വം വിശദീകരിക്കുന്നു. കൊമ്മാടി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കളപ്പുര വെസ്റ്റ് ബ്രാഞ്ചിലായിരുന്നു നടപടി. അതിനിടെ, സമീപകാല സംഭവങ്ങളിലടക്കം പ്രകടമായ സജി ചെറിയാൻ-പി.പി. ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു.

ലഹരിക്കടത്ത് കേസിൽ സി.പി.എം കൗൺസിലർ എ.ഷാനവാസിനെയും സ്ത്രീകളുടെ നഗ്നവിഡിയോ ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി സോണയെയും പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം. സോണയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിടുകയും പരാതി നൽകിയ സ്ത്രീകളെ ഭീഷണപ്പെടുത്തുകയും ചെയ്തെന്ന് കാട്ടി സൗത്ത് എൽ.സി അംഗവും ഡി.വൈ.എഫ്.ഐ മുൻനേതാവുമായ എ.ഡി. ജയനോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്.

ജില്ലയിൽ വിഭാഗീയതയും ചേരിതിരിവും ഏറ്റവും പ്രകടമായത് ആലപ്പുഴ സൗത്ത്, നോർത്ത് സമ്മേളനത്തിലായിരുന്നു. രണ്ടിടത്തും ഏരിയ സെക്രട്ടറിമാർക്ക് മാറേണ്ടിവന്നു. നോർത്തിൽ പാനലിന് പുറത്തുനിന്ന് മത്സരിച്ചവരെല്ലാം പരാജയപ്പെട്ടു. അതിന് മുമ്പ് കൊമ്മാടി ലോക്കൽ കമ്മിറ്റി നടത്തിയ പരിപാടിയിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ ഒഴിവാക്കിയതും വിവാദമായിരുന്നു.

അതിനിടെ, കളപ്പുര ബ്രാഞ്ച് സെക്രട്ടറിക്ക് എതിരായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആലപ്പുഴ നോർത്ത് ഏരിയകമ്മിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ സഹോദരങ്ങളുടെ കുടുംബപരമായ ചില വിഷയങ്ങൾ പാർട്ടി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്.

സമയക്കുറവ് മൂലം സംഘടന പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്താൻ കഴിയാതെ വന്നതിനാൽ സെക്രട്ടറി ചുമതല മറ്റൊരാളെ ഏൽപിക്കുകയായിരുന്നു. പാർട്ടിയെ മോശപ്പെടുത്താനുള്ള ചില മാധ്യമങ്ങളുടെ ശ്രമം പ്രതിഷേധാർഹമാണെന്ന് ഏരിയ സെക്രട്ടറി വി.ടി. രാജേഷ് പറഞ്ഞു.

Tags:    
News Summary - Again the obscenity controversy is a 'headache' for CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.