സംസ്ഥാനത്തെ അഞ്ചിലൊന്ന് അംഗൻവാടികളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിൽ. കഴിഞ്ഞദിവസം, കെ.രാധാകൃഷ്ണൻ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് ആകെ 33,115 അംഗൻവാടികളാണുള്ളത്.
ഇതിൽ 7229ഉം പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ് - ഏകദേശം 21 ശതമാനം. ഏറ്റവൂം കൂടുതൽ അംഗൻവാടികൾ വാടക റൂമുകളിൽ പ്രവർത്തിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് - 1045. കുറവ് വയനാടും -77. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 172 അംഗൻവാടികൾക്കാണ് പുതിയ കെട്ടിടങ്ങൾക്ക് അനുമതിയായതെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന ഡയറക്ടറേറ്റ് ഡിസംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം, അംഗൻവാടി കെട്ടിടങ്ങളുടെ വാടകയിനത്തിൽ സർക്കാറിന് വലിയ ചെലവ് വരുന്നുണ്ട്. സെപ്റ്റംബർ -നവംബർ കാലത്തെ വാടകയിനത്തിൽ മാത്രം ഡയറക്ടറേറ്റ് അനുവദിച്ചത് 6.13 കോടി രൂപയാണ്.
ഇതനുസരിച്ച് ഏകദേശം 25 കോടി രൂപ പ്രതിവർഷം അംഗൻവാടികളുടെ വാടകക്കായി സർക്കാർ നീക്കിവെക്കണം. സംസ്ഥാന ശിശു വികസന വകുപ്പ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നാണ് അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കുന്നത്. ഒരു അംഗൻവാടി കെട്ടിടത്തിന് തൊഴിലുറപ്പ് പദ്ധതി വിഹിതമായി എട്ടുലക്ഷം രൂപയും രണ്ടുലക്ഷം രൂപ ഫിനാൻസ് ഫണ്ടും രണ്ടുലക്ഷം രൂപ 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.