കൊച്ചി: വയനാട് മേപ്പാടി ദുരന്തബാധിതർക്കായി ഇതുവരെ 21 കോടി രൂപ നൽകിയതായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഡിസംബർ 10 വരെയുള്ള കണക്കുപ്രകാരം ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്.ഡി.ആർ.എഫ്) ആകെയുള്ളത് 700.5 കോടിയാണ്. ഇതിൽ 638.97 കോടി വിതരണം ചെയ്യാനുള്ളതാണ്. പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകൾക്ക് 152.09 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 14 ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നൽകാനുള്ളത് 249.69 കോടിയാണ്. എയർ ലിഫ്റ്റിങ് ചാർജായി കേന്ദ്ര സർക്കാറിന് കൊടുക്കേണ്ടത് 2021 മേയ് മാസത്തിന് മുമ്പുള്ള 120 കോടിയടക്കം 132.61 കോടിയാണ്. മേപ്പാടിയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നൽകാനുള്ളത് 78.1 കോടിയും മറ്റ് വകുപ്പുകൾക്കായി നൽകേണ്ടത് 26.48 കോടിയുമാണ്. ശേഷിക്കുന്നത് 61.03 കോടി മാത്രമാണെന്നും കത്തിൽ വിശദീകരിക്കുന്നു.
ഇതിനിടെ, പുതുവത്സരാഘോഷ ഭാഗമായി മേപ്പാടിയിൽ ബോച്ചെ സൺബേൺ മ്യൂസിക്കൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വിശദീകരണം തേടി. ഒട്ടേറെേപ്പരെ പങ്കെടുപ്പിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്ന് അമിക്കസ് ക്യൂറി ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് പരിപാടിക്ക് ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.