കൊച്ചി: വൻകിട ഏജൻസികളും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ മറവിൽ ലോട്ടറി വകുപ്പിൽ നടക്കുന്നത് വൻ അഴിമതി. വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏജൻസികൾക്ക് ടിക്കറ്റുകൾ മറിച്ചുനൽകി വലിയ സാമ്പത്തിക നേട്ടമാണ് ചില ഉദ്യോഗസ്ഥർ ഉണ്ടാക്കുന്നത്.
വ്യക്തമായ പരാതിയും കൃത്യമായ പരിശോധനയും ഇല്ലാത്തതിനാൽ ഇത് വർഷങ്ങളായി നിർബാധം തുടരുകയാണ്. ലോട്ടറി ഓഫിസുകളിൽനിന്ന് ഓരോ ദിവസവും ഏജൻസികൾക്ക് നൽകിയശേഷം ബാക്കി വരുന്ന ടിക്കറ്റുകളിലാണ് തിരിമറി. ഓരോ ഏജൻസിക്കും ടിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത േക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ബാക്കി വരുന്ന ടിക്കറ്റുകൾ പുതിയ അപേക്ഷകരുണ്ടെങ്കിൽ അവർക്ക് നൽകണമെന്നാണ് വ്യവസ്ഥ.
എന്നാൽ, ചെറുകിട ഏജൻസികളെയും പുതിയ അപേക്ഷകരെയും തഴഞ്ഞ് തങ്ങൾക്ക് താൽപര്യമുള്ള വൻകിട ഏജൻസികൾക്കുതന്നെ വീണ്ടും ടിക്കറ്റ് നൽകുകയാണ് ചില ക്ലർക്കുമാരും ഉദ്യോഗസ്ഥരും ചെയ്യുന്നത്. ദിവസവും മുന്നൂറും അഞ്ഞൂറും ടിക്കറ്റുകൾ ഇങ്ങനെ വിവിധ ഏജൻസികൾക്ക് വീതിച്ചു നൽകും.
ഇതിലൂടെ ഉദ്യോഗസ്ഥന് പ്രതിമാസം 5000 രൂപ വരെ തന്റെ അക്കൗണ്ടിൽ എത്തും. എത്ര ടിക്കറ്റ് കിട്ടിയാലും വാങ്ങാൻ ചില വൻകിട ഏജൻസികൾ തയാറാണ്. ഇത്തരം ഏജൻസികളുമായുള്ള ഉദ്യോഗസ്ഥരുടെ രഹസ്യ കൂട്ടുകെട്ടാണ് വകുപ്പിൽ അഴിമതിക്ക് കളമൊരുക്കുന്നത്.
അതേസമയം, ചെറുകിട ഏജൻസികൾ വീണ്ടും ആവശ്യപ്പെട്ടാലും ടിക്കറ്റ് നൽകില്ല. ടിക്കറ്റ് ബാക്കിയില്ല എന്നാകും വിശദീകരണം. ഓരോ ദിവസത്തെയും ബില്ലുകൾ പരിശോധിച്ചാൽ ഓരോ ഏജൻസിക്കും എത്ര ടിക്കറ്റ് നൽകി എന്ന് എളുപ്പം കണ്ടെത്താം എന്നിരിക്കെ ഇക്കാര്യം പരിശോധിക്കാനോ പരാതിപ്പെടാനോ വകുപ്പിൽ ആരും തയാറാകുന്നില്ല.
ക്രമക്കേട് സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.