തൃശൂർ: രണ്ടര മാസത്തെ ഇടവേളക്ക് ശേഷം കേരള കാർഷിക സർവകലാശാലയിൽ സി.പി.ഐ മന്ത്രിമാർക്കെതിരെ സി.പി.എമ്മും അനുബന്ധ സംഘടനകളും പോർമുഖം തുറക്കുന്നു. സർവകലാശാല പ്രോ ചാൻസലറായ കൃഷിമന്ത്രി പി. പ്രസാദിനും ഭരണസമിതി അംഗമായ റവന്യൂ മന്ത്രി കെ. രാജനുമെതിരെ സി.പി.എം ആഭിമുഖ്യത്തിലുള്ള അധ്യാപക-അനധ്യാപക, തൊഴിലാളി, വിദ്യാർഥി സംഘടനകൾ ഉൾപ്പെട്ട ജനാധിപത്യ സംരക്ഷണ സമിതി ഈ മാസം 21ന് വഞ്ചനദിനം ആചരിക്കും.
വി.സി ആയിരുന്ന ഡോ. ആർ. ചന്ദ്രബാബുവിനെതിരെ വിവിധ വിഷയങ്ങളിൽ സി.പി.എം അനുകൂല സംഘടനകൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒക്ടോബറിൽ വി.സി കാലാവധി പൂർത്തിയാക്കുന്ന ദിവസം സിപി.എം ആഭിമുഖ്യമുള്ള അനധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറിയെ തരം താഴ്ത്തി. അതിനുമുമ്പ് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു.
വി.സി പോയതിന്റെ തൊട്ടുപിന്നാലെ സി.പി.എം സംഘടനകൾ ജനാധിപത്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ 51 ദിവസം നീണ്ട സമരം സർവകലാശാലയെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു. സമരം അവസാനിപ്പിക്കാൻ മന്ത്രിമാരായ പി. പ്രസാദും കെ. രാജനും നവംബർ 30ന് വിളിച്ച ചർച്ച ‘വിജയകരം’ എന്നാണ് അന്ന് സമര സംഘടനകളും പറഞ്ഞത്. ചർച്ചയിലെ ധാരണപ്രകാരം, ജനറൽ സെക്രട്ടറിയുടെ തരം താഴ്ത്തൽ പിൻവലിച്ച് തൊട്ടടുത്ത ദിവസം ഉത്തരവ് ഇറങ്ങേണ്ടതാണ്.
അത് ഇതുവരെ പാലിച്ചിട്ടില്ല. മറ്റ് ആവശ്യങ്ങളും നടപ്പായില്ല. ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുന്നതായി ജനാധിപത്യ സംരക്ഷണ സമിതി ഡിസംബർ ഒന്നിന് പ്രഖ്യാപിച്ചെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന തോന്നലിലാണ് ഇപ്പോൾ സി.പി.എമ്മും സംഘടനകളും. പല ജീവനക്കാരും അച്ചടക്ക തുടർ നടപടികൾ നേരിടുകയാണ്. നാല് മാസത്തോളമായി ഭരണസമിതി യോഗം ചേർന്നിട്ടില്ല. മന്ത്രിമാരെ ഇക്കാര്യം ഓർമിപ്പിച്ച് നൽകിയ കത്തുകൾക്ക് മറുപടിയുമില്ല. ഈ സാഹചര്യത്തിലാണ് വഞ്ചനദിനം ആചരിക്കുന്നത്.
അന്ന് സമിതിയുടെ ഭാഗമായി അധ്യാപകരും അനധ്യാപകരും തൊഴിലാളികളും വിദ്യാർഥികളും ബാഡ്ജ് ധരിച്ചും പ്രകടനം നടത്തിയും പ്രതിഷേധിക്കും. സർവകലാശാല ആസ്ഥാനം നിലനിൽക്കുന്ന ഒല്ലൂർ മണ്ഡലം എം.എൽ.എയായ മന്ത്രി കെ. രാജന്റെ സമീപനത്തിൽ സി.പി.എം കടുത്ത നീരസത്തിലാണെന്ന് അറിയുന്നു. മണ്ഡലത്തിൽ മന്ത്രി രാജനെ ബഹിഷ്കരിക്കാൻ സി.പി.എം തീരുമാനിച്ചതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.