തിരുവനന്തപുരം: കരാറിലെ ക്രമവിരുദ്ധ ഇടപാടുകളും പൊള്ളത്തരങ്ങളും വെളിപ്പെടുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ, പ്രതിപക്ഷ ആരോപണങ്ങളുടെ മുന നീണ്ടതോടെ എ.ഐ കാമറ വിഷയത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ. ഇതുവരെ കെൽട്രോണിനും മോട്ടോർ വാഹനവകുപ്പിനും നേരെയായിരുന്നു ആരോപണങ്ങളെങ്കിൽ അത് മറികടന്ന് മുഖ്യമന്ത്രിയെ സംശയമുനയിൽ നിർത്തിയാണ് പ്രതിപക്ഷ നീക്കം. ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യപിതാവിന്റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൗനത്തിൽ ആക്രമണം ശക്തിപ്പെടുത്തിയതിനൊപ്പം അദ്ദേഹത്തിന്റെ മടിയിൽ കനമുണ്ടെന്നും ആറുമണി വാർത്തസമ്മേളനം എവിടെയെന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൊവ്വാഴ്ച രംഗത്തെത്തി. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും ഒളിച്ചുകളിക്കുകയാണെന്നും മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നുമായിരുന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ.
വ്യവസായമന്ത്രി ഇടപെട്ട് വ്യവസായ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ കെൽട്രോണിനെ തള്ളാനോ കൊള്ളാനോ സർക്കാർ തയാറായിട്ടില്ല. സർക്കാർ അന്വേഷണത്തിൽ കാര്യമായ ഒന്നും ഉണ്ടാകാനിടയില്ലെന്നതിനാൽ നിയമവഴി തേടാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇക്കാര്യം ചൊവ്വാഴ്ച തുറന്നുപറയുകയും ചെയ്തു. വ്യവസായമന്ത്രിയുടെ നിർദേശ പ്രകാരം ചില കരാർ രേഖകൾ കെൽട്രോൺ പുറത്തുവിട്ടിരുന്നു.
ഇവയിൽ പലതും നേരത്തേ പുറത്തുവന്നതാണെന്നതും ഉപകരാർ സംബന്ധിച്ച സുപ്രധാന രേഖകൾ മറയ്ക്ക് പിന്നിലാണെന്നതും ദുരൂഹത വർധിപ്പിക്കുന്നു. അതേസമയം പുറത്തുവന്ന രേഖകളിലെ പരാമർശങ്ങൾതന്നെ ക്രമവിരുദ്ധമായ ഇടപാടുകൾ നടന്നുവെന്നതിന് അടിവരയിടുന്നു.
എ.ഐ കാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെക്കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. ഇതിനിടെയാണ് ഉപകരാറുകളെക്കുറിച്ച് എസ്.ആർ.ഐ.ടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
അതിനിടെ, എ.ഐ കാമറ വിവാദത്തിൽ ഗതാഗത കമീഷണറോട് ഗതാഗതമന്ത്രി വിശദീകരണം തേടി. ധനവകുപ്പിന്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും ആരാഞ്ഞത്.
വകുപ്പുകൾക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി 2018 ആഗസ്റ്റിൽ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് നൽകിയ ഉപകരാർ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം. അങ്ങനെ വേണ്ടതില്ലെന്നാണ് കെൽട്രോൺ വാദിച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഗതാഗതമന്ത്രി വിശദീകരണം തേടിയത്.
രണ്ടു രേഖകൾ കൂടി പുറത്ത്
തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ എസ്.ആർ.ഐ.ടി ഉണ്ടാക്കിയ ഉപകരാര്‍ വ്യവസ്ഥകളെകുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെൻഡര്‍ ഇവാല്വേഷൻ റിപ്പോര്‍ട്ടും എസ്.ആർ.ഐ.ടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെൽട്രോൺ തിങ്കളാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്സും പദ്ധതി നിര്‍വഹണത്തിൽ സഹകരിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന രേഖകൾ. 2021ല്‍ എസ്.ആർ.ഐ.ടി കെല്‍ട്രോണിന് നല്കിയ കത്താണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പ്രധാന ജോലികളെല്ലാം ചെയ്യുന്നത് ഉപകരാർ കമ്പനികളാണെന്നാണ് രേഖകളിലുള്ളത്. കെൽട്രോൺ ഉപകരാർ നൽകിയ എസ്.ആർ.ഐ.ടിയുമായി സഹകരിച്ചിരുന്നെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ട്രോയ്സ് കമ്പനി രംഗത്തെത്തിയിരുന്നു.
ബിഡിങ് സമയത്ത് മാനുഫാക്ടേഴ്സ് ഓതറൈസേഷൻ ഫോറം (എം.എ.എഫ്) ആണ് ട്രോയ്സ് എസ്.ആർ.ഐ.ടിക്ക് നൽകിയതെന്നും ഇതു സ്വാഭാവിക നടപടി ക്രമമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. നേരത്തേ എസ്.ആര്.ഐ.ടിയുടെ എക്സിക്യുട്ടിവ് ഡയറക്ടര്‍, ഊരാളുങ്കല്‍-എസ്.ആര്.ഐ.ടി കണ്‍സോർട്യത്തിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്ന ടി. ജിതേഷ് ഇവിടെനിന്ന് രാജിവെച്ച ശേഷമാണ് ട്രോയ്സ് ഇൻഫോടെക്കിൽ ചേരുന്നത്.
ഉപകരാര്‍ ലഭിച്ച കമ്പനികള്‍ തമ്മില്‍ വ്യക്തിപരമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ വിവരങ്ങളും പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.