കൊച്ചി: എ.ഐ കാമറ ഇടപാടിലെ അഴിമതി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജി ഹൈകോടതി ഡിസംബർ അഞ്ചിലേക്ക് മാറ്റി.
പദ്ധതി നടപ്പാക്കാൻ കരാർ ലഭിച്ച കെൽട്രോണിന്റെ യോഗ്യത സംബന്ധിച്ച് അന്വേഷിക്കണമെന്നും പദ്ധതിക്കുള്ള അനുമതി റദ്ദാക്കണമെന്നുമടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
എ.ഐ കാമറ ഇടപാടിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. പദ്ധതിയുടെ കരാർ കെൽട്രോണിന് നൽകിയതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഹരജിയിൽ തീരുമാനമുണ്ടാകുംവരെ പദ്ധതിയുടെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാൽ, എ.ഐ കാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് വാഹനാപകടങ്ങൾ കുറഞ്ഞെന്ന സർക്കാർ വിശദീകരണത്തെ തുടർന്ന് പദ്ധതിയുടെ ആദ്യഗഡു കെൽട്രോണിന് നൽകാൻ പിന്നീട് അനുമതി നൽകി. കേസ് മാറ്റിവെക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിസംബറിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.