തിരുവനന്തപുരം: എ.ഐ കാമറ വിവാദം തീരുന്നതുവരെ താല്‍ക്കാലിക മരവിപ്പിക്കലടക്കം നിർദേശങ്ങൾ ആലോചിച്ച് സർക്കാർ. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. കാമറക്കുരുക്കില് മുഖ്യമന്ത്രിയടക്കം പെട്ടതോടെ സുരക്ഷിത പിൻവാങ്ങൽ ആലോചനയാണ് സർക്കാർ സജീവമാക്കിയിരിക്കുന്നത്.
മേയ് 19 മുതല്‍ പിഴ പിരിക്കാനായിരുന്നു തീരുമാനം. വിവാദം തീരുന്നതുവരെ താല്‍ക്കാലികമായി നീട്ടാനാണ് ആലോചന. എന്നാല്‍, അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമിതിയുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ തീരുമാനം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കാറിനെതിരായി റിപ്പോര്‍ട്ട് നല്‍കാനാകില്ല. മൂന്നുദിവസത്തിനകം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന റിപ്പോര്‍ട്ട് നീളുന്നത് ഉന്നതതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. ആരോപണങ്ങളിൽനിന്ന് സര്‍ക്കാറിന് രക്ഷപ്പെടാൻ ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. എ.ഐ കാമറകൾ സ്ഥാപിച്ച് ഉദ്ഘാടനവും നിരീക്ഷണവും തുടങ്ങിയതിനൊപ്പമാണ് വിവാദമുണ്ടായത്. കരാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം നല്‍കാമെന്നാണ് വ്യവസ്ഥ. ഇതില്‍നിന്ന് സര്‍ക്കാറിന് പെട്ടെന്ന് പിന്മാറുക ദുഷ്കരമാണ്. ജനങ്ങളില്‍നിന്ന് ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിഴത്തുക പിരിച്ചാല്‍ മാത്രമേ കോടിക്കണക്കിന് രൂപ സ്വരൂപിക്കാനാകൂ. നിസ്സാര നിയമലംഘനങ്ങളുടെ പേരില്‍ വലിയ പിഴ ചുമത്തിയാൽ സർക്കാറിനും പാർട്ടിക്കും വലിയ തിരിച്ചടിയാകും.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഗതാഗത വകുപ്പും കെല്‍ട്രോണും തമ്മില്‍ സമഗ്ര കരാര്‍ ഇനിയും ഒപ്പിട്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കില്‍ ധാരണപത്രത്തില്‍ ഒപ്പിടുന്നതും വൈകും. ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പിഴ ഈടാക്കലുമായി മുന്നോട്ടുപോകാനും കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.