തിരുവനന്തപുരം: കുട്ടികളില്ലാതെ തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കാൻ എയ്ഡഡ് സ്കൂളുകൾ സർക്കാറിന് വിട്ടുനൽകിയത് 1829 തസ്തികകൾ. ഇതിൽ 788 തസ്തികകളും (43 ശതമാനം) വിട്ടുനൽകിയത് മലപ്പുറം ജില്ലയിലെ സ്കൂളുകളാണ്. 209 തസ്തിക വിട്ടുനൽകിയ കണ്ണൂരും 145 എണ്ണം വിട്ടുനൽകിയ കൊല്ലവും 141 എണ്ണം വിട്ടുനൽകിയ കോഴിക്കോടുമാണ് മലപ്പുറത്തിന് പിറകിലുള്ള ജില്ലകൾ.
എയ്ഡഡ് സ്കൂളുകളിൽ ഒഴിവു വരുന്ന രണ്ട് തസ്തികകളിൽ ഒന്ന് സർക്കാറിന് വിട്ടുനൽകാൻ വ്യവസ്ഥ ചെയ്ത് (1:1 അനുപാതം) കേരള വിദ്യാഭ്യാസ ചട്ടത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. മാനേജ്മെൻറിന് ലഭിക്കുന്ന തസ്തികകളിലെ നിയമനാംഗീകാരത്തിന് 1:1 അനുപാതം പാലിക്കണമായിരുന്നു. ഇതിനെ തുടർന്നാണ് പല മാനേജ്മെൻറുകളും േഭദഗതി അംഗീകരിച്ച് തസ്തികകൾ സർക്കാറിന് വിട്ടുനൽകിയത്. എന്നാൽ, പ്രബല കോർപറേറ്റ് മാനേജ്മെൻറുകൾ ഉൾപ്പെടെയുള്ള ഒേട്ടറെ മാനേജ്മെൻറുകൾ ഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുകയും മുഴുവൻ ഒഴിവുകളും സ്വന്തം നിലക്ക് നികത്തുകയും ചെയ്തിരുന്നു. ഇത്തരം തസ്തികകളിലെ 2016 മുതലുള്ള നിയമനാംഗീകാരം സർക്കാർ തടഞ്ഞുവെച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമുദായ സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവർ അന്നത്തെ ധന, വിദ്യാഭ്യാസ മന്ത്രിമാരെ കണ്ട് സർക്കാർ നിർദേശത്തിന് വിരുദ്ധമായി നടത്തിയ നിയമനങ്ങൾക്ക് അംഗീകാരത്തിനായി സമ്മർദം ചെലുത്തി. ഇതിനു പിന്നാലെ ഇൗ മാനേജ്മെൻറുകൾ നൽകിയ കേസിെൻറ അന്തിമ വിധിക്ക് വിധേയമായി മുഴുവൻ നിയമനങ്ങൾക്കും സർക്കാർ അംഗീകാരം നൽകി. ഫലത്തിൽ സർക്കാർ നിർദേശം പാലിച്ച് തസ്തിക വിട്ടുനൽകിയ മാനേജ്മെൻറുകളെ കബളിപ്പിക്കുന്നതായിരുന്നു ഇൗ തീരുമാനം. ഏറ്റവും കൂടുതൽ തസ്തിക വിട്ടുനൽകിയ മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്ക് അതെ ജില്ലയിലെ സംരക്ഷിത അധ്യാപകരെ പുനർവിന്യസിച്ച ശേഷവും ബാക്കി വന്ന തസ്തികയിലേക്ക് ഇതര ജില്ലകളിൽ നിന്നെല്ലാം സർക്കാർ അധ്യാപക പുനർവിന്യാസം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരമാണ് 212 സംരക്ഷിത അധ്യാപകരെ ഇതര ജില്ലകളിൽനിന്ന് മലപ്പുറത്തെ എയ്ഡഡ് സ്കൂളുകളിലേക്ക് പുനർവിന്യസിക്കാൻ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്.
പല ജില്ലകളിലും ഒേട്ടറെ മാനേജ്മെൻറുകൾ തസ്തിക വിട്ടുനൽകാൻ തയാറാകാതെ വന്നതോടെയാണ് ഇൗ ജില്ലകളിൽനിന്ന് സംരക്ഷിത അധ്യാപകരെ കൂട്ടത്തോടെ മലപ്പുറത്തേക്ക് പുനർവിന്യസിച്ചത്. തസ്തിക വിട്ടുനൽകാതിരുന്ന സ്കൂൾ മാനേജ്മെൻറുകൾ നടത്തിയ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.