ബോധവത്കരണം നടത്തുന്ന കാശ് പോരേ ഞങ്ങളുടെ ചികിത്സക്ക്....

തിരുവനന്തപുരം: ‘‘ബോധവത്കരണവും സെമിനാറുകളും നടത്താന്‍ കോടികള്‍ പൊടിക്കുന്നു. പ്രഖ്യാപനങ്ങളും പാഴ്വാക്കുകളും ആവോളം. ഇതിനൊക്കെ ചെലവിടുന്ന തുകയുടെ പകുതിപോരേ ഞങ്ങളുടെ ചികിത്സക്ക്...’’ എയ്ഡ്സ് രോഗിയായ തിരുവനന്തപുരത്തെ വീട്ടമ്മയുടെ പരിദേവനമാണിത്.
മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ലോക എയ്ഡ്സ്ദിനമായ ഡിസംബര്‍ ഒന്നിന് നടത്തുന്ന പ്രഖ്യാപനങ്ങള്‍ പാഴ്വാക്കാകുന്നതില്‍ പ്രതിഷേധിച്ച് യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ പ്രതിഷേധിക്കാനത്തെിയതായിരുന്നു അവര്‍. എയ്ഡ്സ്രോഗികള്‍ക്ക് പെന്‍ഷനെന്ന പേരില്‍ 400 രൂപയും യാത്രബത്തയായി 120 രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 2014 ഏപ്രിലില്‍ ഇത് 1,000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചു. അതോടെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം പോലും നിലച്ചു. പുതിയ സര്‍ക്കാര്‍ വന്നതോടെ ദുരിതം ഇരട്ടിയായി. ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ പഞ്ചായത്തധികൃതരെ സമീപിക്കാനാണ് പറയുന്നത്. സ്വന്തം നാട്ടില്‍ രോഗവിവരം പരസ്യമാക്കാന്‍ തങ്ങള്‍ക്കാകില്ല.
സഹായമഭ്യര്‍ഥിച്ച് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഡയറക്ടറെ സമീപിച്ചപ്പോള്‍ നേരിടേണ്ടിവന്നത് കൊടിയപീഡനമാണെന്ന് വീട്ടമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ളെന്നും ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധിക്കാനുമായിരുന്നത്രെ ഡയറക്ടറുടെ നിര്‍ദേശം.
എയ്ഡിന് പുറമേ ഇതരരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. ആശുപത്രി അധികൃതര്‍ എയ്ഡ്സ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മടിക്കുന്നു. സര്‍ക്കാര്‍ കൂടി വെറുത്താല്‍ തങ്ങള്‍ക്ക് മുന്നില്‍ മരണം മാത്രമേയുള്ളൂവെന്നും ഇവര്‍ പറയുന്നു.
എയ്ഡ്സ്ദിനത്തോടനുബന്ധിച്ച് ജില്ലാതല ബോധവത്കരണ പരിപാടി യൂനിവേഴ്സിറ്റി കോളജിലാണ് ഇക്കുറി സംഘടിപ്പിച്ചത്. ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതിഷേധക്കാരോട് സംസാരിച്ച് എല്ലാവിധ സഹായവും ഉറപ്പുനല്‍കി.
പക്ഷേ, അത് മുഖവിലയ്ക്കെടുക്കാന്‍ പ്രതിഷേധക്കാര്‍ തയാറല്ല. കഴിഞ്ഞ വര്‍ഷം വി.ജെ.ടി ഹാളില്‍ നടന്ന സംസ്ഥാനതല പരിപാടിയില്‍ അന്നത്തെ മന്ത്രി വി.എസ്. ശിവകുമാര്‍ ഇതിലും വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഒന്നും ഫലവത്തായില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണിവര്‍.
Tags:    
News Summary - aids treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.