തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ നേരിടുന്ന പ്രതിസന്ധി കെ.എസ്.ഇ.ബിയുടെ മെല്ലപ്പോക്കുമൂലം അടുത്ത ഏതാനും വർഷങ്ങളിൽ കൂടുതൽ രൂക്ഷമായേക്കും. എയർകണ്ടീഷണറുകളും ഇലക്ട്രിക് വാഹനങ്ങളുമാണ് (ഇ.വി) പുതുതായി വൈദ്യുതി ആവശ്യകത കൂട്ടുന്ന രണ്ടുഘടകങ്ങൾ. കനത്തചൂടിൽ ഇതുവരെയില്ലാത്ത എ.സി ഉപയോഗമാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എ.സി വിൽപന കുതിച്ചുയർന്നതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. പീക്ക് സമയത്തെ ഉയർന്ന വൈദ്യുതി ഉപയോഗത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് എ.സികളുടെ പ്രവർത്തനമാണ്. ഇ.വി ചാർജിങ്ങാണ് മറ്റൊന്ന്.
അന്തരീക്ഷ താപനില മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നതോടെ വൈദ്യുത ചാർജ് കൂടുമെന്ന ആശങ്കയോടെതന്നെ വലിയൊരു ശതമാനം പേർ എ.സി വാങ്ങി. ആഡംബരത്തിനപ്പുറം അവശ്യവസ്തുവായി എ.സി മാറുന്ന സാഹചര്യമാണിപ്പോൾ. മറ്റു വൈദ്യുതോപകരണങ്ങളെക്കാൾ കൂടുതൽ വൈദ്യുതി വേണ്ടതിനാൽ എ.സിയുടെ വ്യാപക ഉപയോഗം പീക്ക് സമയത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. എ.സിയുടെ താപനില വലിയൊരു ശതമാനംപേരും 22-23 എന്ന നിലയിലാണ് സെറ്റ് ചെയ്യുന്നത്. ഇത് ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് കാരണമാവുന്നതിനാൽ താപനില 26 ൽ ക്രമീകരിക്കണമെന്നും ഇതിലൂടെ വൈദ്യുതി ലാഭിക്കാമെന്നും കെ.എസ്.ഇ.ബി ഓർമപ്പെടുത്തുന്നുണ്ട്.
എനർജി മാനേജ്മെന്റ് സെന്റർ ‘എ.സി സെറ്റ്@26’ കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഉയർന്ന ചൂടിൽ 26ൽ എ.സി സെറ്റ് ചെയ്ത് മുറികൾ തണുപ്പിക്കൽ ബുദ്ധിമുട്ടാണെന്ന അഭിപ്രായവും ഉയരുന്നു. എ.സികൾ കൂടൂതലായി ഉപയോഗിക്കുന്ന ട്രാൻസ്ഫോർമർ പരിധികളിൽ അമിതലോഡ് മൂലം വൈദ്യുതി തകരാറും പതിവാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വലിയതോതിൽ മുന്നേറുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളം. ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും വൈകാതെ വൈദ്യുതിയിലേക്ക് മാറാനുള്ള പ്രവണതയാണ് വിപണിയിൽ. കാറുകളടക്കം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് ഏറെയും പീക്ക് സമയത്തുമാണ്.
ഇവ പകൽ സമയത്തേക്ക് മാറ്റണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിക്കുന്നുണ്ടെങ്കിലും പ്രായോഗികമല്ല. ഇതരസംസ്ഥാനങ്ങളിൽനിന്നും വൈദ്യുതി വാങ്ങിയാൽപോലും അത് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ആസൂത്രണത്തോടെ വിതരണ ശൃംഖല ശക്തിപ്പെടുത്താത്തതാണ് പ്രശ്നമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.