മലപ്പുറം: കോവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും തിരികെ ‘പറക്കാ’നാകാതെ വിമാനത്താവളങ്ങൾ. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും യാത്രക്കാരുടെയും സർവിസുകളുടെയും എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിയില്ല.
സർവിസുകളുടെ എണ്ണം കുറഞ്ഞിട്ടും കോഴിക്കോട് വിമാനത്താവളത്തിൽ മാത്രം ആഭ്യന്തര യാത്രക്കാർ വർധിച്ചത് നേട്ടമായി. അതേസമയം, 2021-22നെ അപേക്ഷിച്ച് എല്ലായിടത്തും യാത്രക്കാരും സർവിസും വർധിച്ചിട്ടുണ്ട്. 2022-23 കാലയളവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി 1,65,30,563 പേരാണ് യാത്ര ചെയ്തത്. കോവിഡിന് മുമ്പുള്ള 2019-20 ൽ 1,83,57,037 പേരായിരുന്നു.
2021-22ൽ 88,37,500 പേർ മാത്രമായിരുന്നു യാത്രക്കാർ. കേരളത്തിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത് 2018-19ലായിരുന്നു. 1,94,98,721 പേരായിരുന്നു യാത്ര ചെയ്തത്. കൊച്ചിയിൽ ഒരുകോടിക്ക് മുകളിലായിരുന്നു യാത്രക്കാരുടെ എണ്ണം -1,01,19,815. തിരുവനന്തപുരം - 44,34,459, കോഴിക്കോട് - 33,60,847, കണ്ണൂർ -15,83,600 എന്നിങ്ങനെയാണ് മറ്റ് വിമാനത്താവളങ്ങളിലെ കണക്ക്.
കോവിഡിനെത്തുടർന്ന് 2020 മാർച്ച് എട്ടിന് കുവൈത്ത് സർവിസുകൾ നിർത്തി. പിറകെ ഖത്തറും സൗദി അറേബ്യയും നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 21ഓടെ അന്താരാഷ്ട്ര സർവിസുകൾ പൂർണമായി നിർത്തിയിരുന്നു. പിന്നീട് രണ്ട് വർഷം നിയന്ത്രണങ്ങളോടെയായിരുന്നു സർവിസുകൾ നടന്നത്. കഴിഞ്ഞ വർഷം മാർച്ച് 28 മുതലുള്ള വേനൽക്കാല ഷെഡ്യൂളുകളോടെയാണ് സർവിസുകൾ സാധാരണ നിലയിലേക്ക് എത്തിയത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെ മൊത്തം യാത്രക്കാരുടെയും അന്താരാഷ്ട്ര യാത്രക്കാരുടെയും എണ്ണത്തിൽ കൊച്ചിക്ക് നാലാം സ്ഥാനമാണ്. അന്താരാഷ്ട്ര യാത്രക്കാരിൽ കരിപ്പൂരിന് ഏഴാം സ്ഥാനവുമുണ്ട്. വലിയ വിമാനസർവിസുകളില്ലാത്തതാണ് കരിപ്പൂരിന് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.