തിരുവനന്തപുരം: ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച ക്രിമിനൽ മനസ്സിന്‍റെ നിലവാരത്തിലേക്ക് പ്രതിപക്ഷം താഴരുതെന്ന് മന്ത്രി എ.കെ. ബാലൻ. കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരം ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാറിെൻറ പ്രവർത്തനമികവ് യു.ഡി.എഫിന് കടുത്ത അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണങ്ങളും പ്രകടനങ്ങളും ഇതിന്‍റെ പ്രതിഫലനമാണ്. എതിരാളിയെ തകർക്കാൻ തലക്കടിച്ച് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് സ്വർണക്കടത്ത് സംഭവം മുഖ്യമന്ത്രിക്കും ഒാഫിസിനുമെതിരെ ഉപയോഗിക്കുന്നത്.
സ്വർണക്കടത്ത് സംഭവത്തിൽ സർക്കാർതലത്തിൽ ഭരണ, നിയമപരമായി ചെയ്യേണ്ട എല്ലാക്കാര്യങ്ങളും ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറിതല അന്വേഷണവും എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതും ഇതിന്‍റെ ഭാഗമാണ്. 1959ല്‍ ഇ.എം.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.ഐ.എയുടെ ഗൂഢപദ്ധതിക്ക് കൂട്ടുനിന്നവരുടെ പ്രേതങ്ങള്‍ ജനാധിപത്യ മര്യാദകളെ വെല്ലുവിളിച്ച് അഴിഞ്ഞാടുകയാണ്.
ചില പത്ര, ദൃശ്യമാധ്യമങ്ങള്‍ നികൃഷ്ടമായ മാധ്യമവേട്ടയാണ് മുഖ്യമന്ത്രിക്കും ഗവൺമെൻറിനും എതിരെ നടത്തിയത്. മുഖ്യമന്ത്രിയോട് നിരന്തരം ചോദ്യം ചോദിക്കുന്ന പ്രതിപക്ഷ നേതാവ് കേന്ദ്ര സർക്കാറിനോട് ഒരു ചോദ്യവും ചോദിക്കാൻ തയാറായിട്ടില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് ബി.ജെ.പിയോട് വിധേയത്വമല്ലേ എന്ന സംശയം സി.പി.എം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തുന്നതെന്നും മന്ത്രി ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.