കോട്ടയം: യാത്രപ്പടി വിവാദത്തിൽ വനം വികസന കോർപറേഷൻ (കെ.എഫ്.ഡി.സി) അധ്യക്ഷ ലതിക സുഭാഷിനെ പിന്തുണച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ലതിക സുഭാഷിനെതിരായ നോട്ടീസ് ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളല്ല പ്രകൃതി ശ്രീവാസ്തവയുടെ സ്ഥലംമാറ്റത്തിന് പിന്നിൽ. സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ യാത്രപ്പടിയായി കൈപ്പറ്റിയ 97,140 രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ലതിക സുഭാഷിന് കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടറായിരുന്ന പ്രകൃതി ശ്രീവാസ്തവ നോട്ടിസ് നൽകിയിരുന്നു. തുക അനധികൃതമായി കൈപ്പറ്റിയതാണെന്നായിരുന്നു ആരോപണം.
തിരിച്ചടച്ചില്ലെങ്കിൽ അധ്യക്ഷയുടെ പ്രതിമാസ അലവൻസിൽ നിന്ന് തുക ഈടാക്കുമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ പ്രകൃതി ശ്രീവാസ്തവയെ എം.ഡി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബഫർസോണിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച അദ്ദേഹം സുപ്രീം കോടതിയിലെ ഹരജിയിലും കേന്ദ്രവുമായുള്ള ചർച്ചയിലും പ്രതീക്ഷയുണ്ടെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.