തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വരരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്യപാനശീലമുണ്ടെങ്കിൽ അത് വീട്ടിൽ വച്ചായിക്കോയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തന രേഖയിൽ അംഗങ്ങൾക്കുള്ള മദ്യപാന നിയന്ത്രണം സംബന്ധിച്ച ഭേദഗതിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല കൗൺസിലുകൾ മാർഗരേഖ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കും.
‘പാർട്ടിയുടെ നയം മദ്യവർജനമാണ്, നിരോധനമല്ല. കമ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് ജനമധ്യത്തിൽ വരാൻ പാടില്ല. അവരെ ജനങ്ങൾ നാലുകാലിൽ കാണാൻ പാടില്ല. കള്ളുകുടിക്കാൻ വേണ്ടിയുള്ള കമ്പനിയിൽ പെടാൻ പാടില്ല. പ്രമാണിമാരുടെയും കള്ളൻമാരുടെയും കൈയിൽനിന്ന് പണം വാങ്ങി കള്ളുകുടിക്കാൻ പാടില്ല. പാർട്ടി അംഗങ്ങൾക്ക് മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വെച്ചായിക്കോ.. മദ്യപാന ശീലം ഉണ്ടെങ്കിൽ അതിനെ തടയാൻ പാർട്ടി ആരുമല്ല. പക്ഷേ ഉത്തരവാദിത്തതോടെ പൊതുസമൂഹത്തിൽ ഇടപെടണം’ - ബിനോയ് വിശ്വം പറഞ്ഞു.
‘മദ്യപാനം ഒരു ശലീമാക്കുകയോ, പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുകയോ ചെയ്യരുത്. മദ്യവർജനമാണ് പാർട്ടിയുടെ നയം. സമൂഹം ഉയർത്തിപ്പിടിക്കുന്ന സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും തന്റെ വ്യക്തി ജീവിതത്തിൽ കൂടി മറ്റുള്ളവർക്ക് കൂടി മാതൃകയാവുകയും വേണം’ -മാർഗരേഖ വായിച്ച് ബിനോയിവിശ്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.