കൊച്ചി: വനം മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ധാരണ പ്രകാരം മന്ത്രി സ്ഥാനം ഒഴിഞ്ഞ് പകരം തോമസ് കെ.തോമസ് എം.എൽ.എക്ക് പദവി കൈമാറാത്തതാണ് നടപടിക്ക് കാരണം.
തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന് നിർദ്ദേശിച്ചും ശശീന്ദ്രനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും അടുത്ത മാസം മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറുക. ദേശീയ പ്രസിഡൻറ് ശരത് പവാറിന് വേണ്ടി വർക്കിങ് പ്രസിഡൻറ് കൂടിയായ പി.സി.ചാക്കോയാണ് കത്തിൽ ഒപ്പുവെച്ചതെന്നാണ് വിവരം. നേരത്തെ എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാൻ ദേശീയ വൈസ് പ്രസിഡൻറായിരുന്ന പ്രഫുൽ പട്ടേലാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇതിന്റെ ചുവട് പിടിച്ചാണ് പിൻവലിച്ചുകൊണ്ടുളള കത്തും നൽകുന്നതെന്നാണ് സൂചന.
ഇതേസമയം കത്ത് നൽകാനുളള ദേശീയ നേതൃത്വത്തിന്റെ നീക്കം ശശീന്ദ്രനെ പ്രതിസസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. തന്നെ മാറ്റുന്നതിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പാണെന്ന് ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കത്ത് നൽകുന്നതോടെ തീരുമാനം അംഗീകരിക്കാൻ സർക്കാരും ബാധ്യസ്ഥരാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. തീരുമാനം മറികടന്ന് പിന്തുണ നൽകിയാൽ അത് മുന്നണി ബന്ധങ്ങളെ ബാധിക്കുമെന്ന സൂചനയും എൻ.സി.പി ലക്ഷ്യമിടുന്നുണ്ട്. മന്ത്രിമാറ്റത്തിന്റെ പേരിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകിയ സംസ്ഥാന വൈസ് പ്രസിഡൻറും കെൽ ചെയർമാനുമായ പി.കെ.രാജനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പേർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.