തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിമാറ്റം ഉടനില്ല. മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് എൻ.സി.പി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് കാത്തിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. അതോടെ എ.കെ. ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും. തോമസ് കെ. തോമസും ചർച്ചയിൽ പങ്കെടുത്തു.
നിയമസഭ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചത്. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടതാണെന്ന് എൻ.സി.പി നേതാവ് പിസി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദേശീയ നേതാവ് ശരദ് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം.
മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ. എന്നാൽ കൂടിക്കാഴ്ച നീളുകയായിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിസഭയിലെടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് വലിയ താൽപര്യമില്ല. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നായിരുന്നു ചാക്കോയുടെ നിലപാട്. എന്നാല്‍, കാത്തിരിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയ സ്ഥിതിക്ക് എ.കെ. ശശീന്ദ്രനെ മാറ്റുമോ എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.