'എല്ലാ കാലത്തും ക്വട്ടേഷനെ എതിർത്തവരാണ് സി.പി.എം'; പാര്‍ട്ടിയുടെ മുഖം ആകാശ് തില്ലങ്കേരി അല്ലെന്ന്​ പി. ജയരാജന്‍

ഇരിട്ടി (കണ്ണൂര്‍): തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശല്ലെന്നും തില്ലങ്കേരിയിലെ പാര്‍ട്ടിക്കുള്ളത് രക്തസാക്ഷികളുടെ പാരമ്പര്യമാണെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ജനങ്ങളെ കബളിപ്പിക്കാന്‍ വലതുപക്ഷ മാധ്യമ സുഹൃത്തുക്കള്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തില്ലങ്കേരിയിൽ ക്വ​ട്ടേഷൻ സംഘത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. 525 പാർട്ടി മെംബർമാരുണ്ട് തില്ലങ്കേരിയിൽ. അവരാണ് പാർട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. താന്‍ ജില്ല സെക്രട്ടറിയായിരുന്ന സമയത്താണ് ആകാശ് തില്ലങ്കേരിയെ പുറത്താക്കിയത്. പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുപിന്നാലെ പോയിട്ടില്ല. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി എന്നും തള്ളിപ്പറഞ്ഞിട്ടേയുള്ളു.

തില്ലേങ്കരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്നും തില്ലങ്കേരിയിലെ പാര്‍ട്ടിക്കകത്ത് കുഴപ്പമുണ്ടെന്നുമാണ്​ പ്രചാരണം. ഇതിനെ അഭിമുഖീകരിക്കാന്‍ കഴിവുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. എടയന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട സംഭവത്തിലെ മുഴുവനാളുകളെയും പാർട്ടി പുറത്താക്കി. ആ സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തിൽ പാർട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താൻ അന്ന് ജില്ല സെക്രട്ടറിയാണ്. സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടിവരുമെന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി. പാർട്ടിക്ക് പാർട്ടിയുടെ വഴി. സി.പി.എമ്മിൽ ഭിന്നതയില്ല. എല്ലാ കാലത്തും ക്വട്ടേഷനെ എതിർത്തവരാണ് സി.പി.എമ്മെന്നും പി. ജയരാജൻ വ്യക്തമാക്കി.

നാടിനോട്​ അൽപമെങ്കിലും കൂറുണ്ടെങ്കിൽ ആകാശും കൂട്ടരും പേരിനോടൊപ്പമുള്ള തില്ല​ങ്കേരി സ്​ഥലപ്പേര്​ നീക്കണമെന്ന് യോഗത്തിൽ സംസാരിച്ച സി.പി.എം​ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. തലയിൽ ചുവന്ന തുണി കെട്ടിയാൽ കമ്യൂണിസ്​റ്റ്​ ആകില്ല. മനസ്സിൽ ചുവപ്പുള്ളയാളാണ്​ യഥാർഥ കമ്യൂണിസ്​റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - akash thillankery is not the face of cpm P Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.