തിരുവല്ല: ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) 66ാം സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച തിരുവല്ലയിൽ തുടക്കം. തിരുവല്ലയിലെ വിവിധ വേദികളിലായി മൂന്നുദിവസമാണ് സമ്മേളനം. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവല്ല ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്സ് കോളജിൽ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി വനിതാസംഗമം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.എസ്. ഷാജിത അധ്യക്ഷത വഹിക്കും. രാവിലെ 8.30ന് അധ്യാപകരുടെ കായിക മത്സരങ്ങൾ തിരുവല്ല എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.
സമ്മേളനത്തിൽ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, വൈജ്ഞാനിക സമൂഹം എന്നതാണ് സമ്മേളന മുദ്രാവാക്യം. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക സ്ഥാപക നേതാവ് ആർ. രാമചന്ദ്രന്റെ ആലപ്പുഴയിലെ വീട്ടിൽനിന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബിജുകുമാർ ഏറ്റുവാങ്ങി.
ശനിയാഴ്ച രാവിലെ 9.30ന് മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണം നിർവഹിക്കും.
കേരളത്തിലെ ഏറ്റവും മികച്ച കോളജ് യൂനിയൻ പ്രവർത്തനങ്ങൾക്ക് നൽകുന്ന അഭിമന്യു അവാർഡ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി യൂനിയന്‍ സമ്മാനിക്കും.
ഈ വർഷം സർവിസിൽനിന്ന് വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് സമ്മേളനം ഉച്ചക്ക് രണ്ടിന് മുൻ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമ്മേളന നഗരിയിൽനിന്നും പ്രകടനം ആരംഭിക്കും. വൈകീട്ട് അഞ്ചിന് മുനിസിപ്പൽ ഓപൺ സ്റ്റേജിൽ പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മുൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിക്കും.
ഞായറാഴ്ച രാവിലെ 8.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. 11ന് എ.കെ.പി.സി.ടി.എ സ്ഥാപകൻ ആർ. രാമചന്ദ്രൻ അനുസ്മരണ സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ശബ്നം ഹാഷ്മി പ്രഭാഷണം നടത്തും. ഉച്ചക്ക് തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.