ആലപ്പുഴ: യാഥാർഥ്യത്തെ വെല്ലുംവിധം ത്രിമാന ചിത്രങ്ങളിലൂടെ അത്ഭുതങ്ങൾ സമ്മാനിച്ച് ലോകശ്രദ്ധനേടിയ ആലപ്പുഴ സ്വദേശി ശിവദാസ് വാസുവിന് ‘അക്ഷരവീടി’െൻറ ആദരം. ‘മാധ ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ ‘യൂണിമണി’യും ആരോഗ്യമേഖലയിലെ രാജ്യാന്തര നാമമായ എൻ.എം.സി ഗ്രൂപ്പും ചേർന്ന് നടപ്പ ാക്കുന്ന പദ്ധതിയിലെ 21ാം വീടായ ‘ച’ ആണ് ശിവദാസ് വാസുവിന് നൽകുന്നത്.
സോഫ്റ്റ് പേസ്റ്റല്‍ മാധ്യമത്തില്‍ ശിവദാസ് വരച്ച ആദിവാസി മൂപ്പെൻറ ജീവന് തുടിക്കുന്ന ചിത്രത്തിലെ മന്ത്രജാലം ആരിലും അതിശയം ജനിപ്പിക്കുന്നതായിരുന്നു. പുന്നപ്ര തെക്ക് കപ്പക്കട എട്ടില്ച്ചിറയില് വാസുവിെൻറയും ലീലയുടെയും മകനായ ശിവദാസിന് ചിത്രകലയില്‍ ഗുരുക്കന്മാരില്ല. റോഡരികിലെ കൂറ്റന്‍ ഹോർഡിങ്ങുകൾ വരക്കുന്ന കലാകാരന്മാരെ നിരീക്ഷിച്ച് അക്ഷരാർഥത്തിൽ ഏകലവ്യനായാണ് വര പഠിച്ചത്. സാമ്പത്തിക പരിമിതി ചിത്രരചന പഠിക്കുന്നതിനു തടസ്സമായപ്പോള്‍ ഇൻറര്‍നെറ്റിനെ ആശ്രയിച്ചു. ലോകോത്തര കലാകാരന്മാരുടെ ട്യൂട്ടോറിയല്‍ വിഡിയോ യൂട്യൂബില്‍ കണ്ടായിരുന്നു പരിശീലനം.
ഓയില്‍ പെയിൻറ്, അക്രിലിക്ക്, സ്റ്റംപ് വര്‍ക്ക്, ചാര്‍ക്കോള്‍ പെന്‍സില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ മികവു തെളിയിച്ച ശിവദാസ് കേരളത്തില്‍ ത്രിമാനചിത്രകല ആദ്യമായി പരീക്ഷിച്ച് വിജയിച്ച കലാകാരന് കൂടിയാണ്. ശിവദാസ് വരച്ച ഹോളിവുഡ് നടന് മൊര്‍ഗാന്‍ ഫ്രീമാെൻറ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രശസ്ത പാശ്ചാത്യ ചിത്രകാരന്മാരുടെ അടക്കം അഭിനന്ദനം നേടി. മുംബൈയിലെ ഷോപ്പിങ് മാളില്‍ 2012ല്‍ ശിവദാസ് ഒരുക്കിയ ത്രിമാനചിത്രം ദേശീയ വാര്‍ത്തയായി. ഏറ്റവുമൊടുവിൽ മോഹൻലാൽ ചിത്രം ഒടിയനുവേണ്ടി നടത്തിയ പ്രമോഷൻ പ്രോഗ്രാം വൈറലായിരുന്നു.
പ്രളയദുരിതത്തിൽ പെട്ടവരുടെ പുനരധിവാസത്തിനു ശിവദാസും സുഹൃത്തുക്കളും നടത്തിയ തത്സമയ കാരിക്കേച്ചർ രചനയും ശ്രദ്ധേയമായി. കാര്‍ട്ടൂണ്‍ അക്കാദമി നിയമസഭയില്‍ സംഘടിപ്പിച്ച ചിരിവരസഭ, കാര്ട്ടൂണിസ്റ്റ്സ് ബിനാലെ എന്നിവയുള്‍പ്പെടെ തത്സമയ ചിത്രരചന ക്യാമ്പുകളിലും പങ്കെടുത്ത് പ്രതിഭ തെളിയിച്ചു. സംസ്ഥാന പൊലീസ് ഡിപ്പാര്‍ട്മെൻറിന് പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങള്‍ വരച്ചുനല്‍കിയ ഇൗ 37കാരൻ ചെന്നൈയിലെ സോഫ്റ്റ്വെയർ കമ്പനിയിൽ വിഷ്വൽ ഡിസൈനറായി ജോലിചെയ്യുകയാണ്. സോഫിയാണ് ഭാര്യ. അക്ഷര, അഭയ് എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.