അക്ഷയയെ വെട്ടാന്‍ ‘കോമണ്‍ സര്‍വിസ് സെന്‍റര്‍’ വ്യാപിപ്പിക്കാന്‍ ബി.ജെ.പി ശ്രമം

തൃശൂര്‍: കേന്ദ്രം നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്ന് ആരോപിച്ച് ജനസേവന കേന്ദ്രങ്ങള്‍ എന്ന കോമണ്‍ സര്‍വിസ് സെന്‍റര്‍ വ്യാപകമാക്കാന്‍ നീക്കം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാറിതര സേവനങ്ങള്‍ തന്നെയാണ് സി.എസ്.സിയിലും (പൊതുസേവന കേന്ദ്രങ്ങള്‍) ലഭ്യമാകുന്നത്.

അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള സേവനങ്ങള്‍ തന്നെയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ പൊതുസേവന കേന്ദ്രങ്ങളിലും ലഭിക്കുന്നത് എന്നതിനാല്‍ കേരളം ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. നോട്ട് പ്രതിസന്ധിമൂലം കേന്ദ്രത്തിനെതിരെ ഉയരുന്ന എതിര്‍പ്പ് സംസ്ഥാനത്തിനുനേരെ തിരിച്ചുവിടാനുള്ള വഴിയായാണ് സി.എസ്.സികള്‍ വ്യാപകമാക്കാനുള്ള തിരക്കിട്ട നീക്കം. തൃശൂരില്‍ ആദ്യ കേന്ദ്രം ഞായറാഴ്ച തുടങ്ങി.

ഉദ്ഘാടകനായി മന്ത്രി വി.എസ്. സുനില്‍കുമാറിനെയും അധ്യക്ഷയായി മേയര്‍ അജിത ജയരാജനെയും ക്ഷണിച്ചിരുന്നു. പങ്കെടുക്കരുതെന്ന് അവസാന നിമിഷം ഇരുവര്‍ക്കും മുന്നണി നേതൃത്വം  നിര്‍ദേശം നല്‍കുകയായിരുന്നുവത്രേ. വിവരം ശ്രദ്ധയില്‍പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബി.ജെ.പിയിലെ കേരളത്തിലെ ചുമതലക്കാരന്‍ എ.എന്‍. രാധാകൃഷ്ണനും അടുത്ത ദിവസം ഡല്‍ഹിയിലത്തെി സി.എസ്.സികള്‍ വ്യാപകമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുമെന്ന് അറിയുന്നു.

കേന്ദ്രത്തിന്‍െറ ജനസേവന കേന്ദ്രം (സി.എസ്.സി) കേരളത്തിന്‍െറ അക്ഷയ കേന്ദ്രങ്ങളെ തകര്‍ക്കുന്നതാണെന്ന് അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രതിസന്ധിയിലാണെങ്കിലും സര്‍ക്കാര്‍ നിയന്ത്രിതമെന്ന നിലയിലുള്ള പരിഗണനയും സുരക്ഷയും അക്ഷയ കേന്ദ്രങ്ങള്‍ക്കുണ്ട്. സി.എസ്.സികള്‍ അതത് സ്വകാര്യ ഏജന്‍സികളുടെ നിയന്ത്രണത്തിലായിരിക്കും. അക്ഷയ കേന്ദ്രങ്ങള്‍തന്നെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ, സമാന പദ്ധതി നടപ്പിലാക്കുന്നതില്‍ ഇടതുമുന്നണിക്കകത്തും എതിര്‍പ്പുണ്ട്.

സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം ഒട്ടേറെ അക്ഷയകേന്ദ്രങ്ങള്‍ പൂട്ടി. ബാക്കിയുള്ളത് കടുത്ത പ്രതിസന്ധിയിലാണ്. 44.8 കോടി രൂപ വിവിധ ഇനങ്ങളില്‍ സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കാനുണ്ടത്രേ. 2015ലെ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ സേവനത്തിന്‍െറ തുക ഇപ്പോഴും അനുവദിച്ചിട്ടില്ല. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പണത്തിനുവേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ഫണ്ട് കിട്ടാതെ വന്നപ്പോള്‍ വാടകയും ജോലിക്കാര്‍ക്ക് ശമ്പളവും കൊടുക്കാനാകാത്ത പ്രശ്നവും വന്നു. രണ്ടും മൂന്നും ജീവനക്കാരാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. കൃത്യമായി ശമ്പളം ലഭിക്കാതായതോടെ ജീവനക്കാര്‍ ജോലിക്ക് വരാത്തതിനാല്‍ 100 ഓളം അക്ഷയകേന്ദ്രങ്ങള്‍ അടച്ചു. പലരും ഇത് സ്വകാര്യ സംരംഭമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുപകരം നിലവിലുള്ളതിനെ സംരക്ഷിച്ച് അതിനുകീഴില്‍ സബ്സെന്‍റര്‍ ആരംഭിക്കണമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം. ആധാര്‍ രജിസ്ട്രേഷന്‍ വഴിയും മറ്റും ലഭിക്കാനുള്ള തുകകളും അനുവദിക്കാനുണ്ട്. അക്ഷയകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാനം വേണ്ടത്ര പരിഗണന നല്‍കുന്നില്ളെന്ന ഇവയുടെ നടത്തിപ്പുകാരുടെ അതൃപ്തി കൂടി മുതലെടുത്ത് ഈ മേഖലയില്‍ വേരുറപ്പിക്കാനാണ് ജനസേവനകേന്ദ്രങ്ങള്‍ വ്യാപകമാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.

Tags:    
News Summary - akshaya vs common service centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.