കോന്നി: ദിശാ സൂചക ബോർഡുകൾ ഇല്ലാത്തതുമൂലം ശബരിമലയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസ് ഡ്രൈവർമാർ വട്ടം കറങ്ങുന്നു. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മാത്രമാണ് കോന്നി മെഡിക്കൽ കോളജ് ബോർഡ് ഉള്ളത്. കോന്നി പാലം കഴിഞ്ഞാൽ ദിശാ ബോർഡ് ഇല്ലാത്തതിനാൽ കോന്നിയിൽ നിന്ന് വരുന്ന ആംബുലൻസ് ഉൾപ്പെടെ ഉള്ളവ അട്ടച്ചാക്കൽ ഭാഗത്തേക്ക് പോവുകയും കുമ്പഴ വെട്ടൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അമ്പലം ജങ്ഷനിൽ എത്തി ഇടത്തോട്ട് തിരിയാതെ കോന്നി സെൻട്രൽ ജങ്ഷനിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാത്രി പമ്പയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് മുരിങ്ങമംഗലം അമ്പലം ജങ്ഷനിൽ എത്തി വഴിയറിയാതെ കോന്നി സെൻട്രൽ ജങ്ഷനിലേക്ക് പോയിരുന്നു. പിന്നീട് റോഡിൽ നിന്ന ആളുകളോട് വഴിചോദിച്ചാണ് ഇവർ മെഡിക്കൽ കോളജിൽ എത്തിയത്. വഴിയറിയാതെ ബുദ്ധിമുട്ടുന്നത് മാത്രമല്ല ഗുരുതരാവസ്ഥയിൽ രോഗികളുമായി പോകുമ്പോൾ സമയം വൈകുന്നത് ജീവനും ആപത്താകുന്നുണ്ട്.
രാത്രിയിൽ എത്തുന്ന ആംബുലൻസുകൾ ആണ് ഏറെയും പ്രതിസന്ധിയിലാകുന്നത്. അർധരാത്രിയിൽ രോഗികളുമായി കോന്നിയിൽ എത്തി വഴി തെറ്റിയാൽ വഴി ചോദിക്കാൻ പോലും ആരും ഉണ്ടാകില്ല. കോന്നി മുരിങ്ങമംഗലം അമ്പലം ജങ്ഷൻ, മഞ്ഞകടമ്പ്, ആനകുത്തി തുടങ്ങിയ ഭാഗങ്ങളിൽ ആണ് പ്രധാനമായും സൂചന ബോർഡ് വേണ്ടത്. ബോർഡ് സ്ഥാപിക്കാൻ അടിയന്തര നടപടി വേണം. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയാണ് ശബരിമല ബേസ് ആശുപത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.