കോട്ടയം: ആലപ്പുഴ കൊലക്കേസിൽ കസ്റ്റഡിയിലിരിക്കെ മർദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും തെൻറ വാദം തെളിയിക്കാൻ നുണപരിശോധനക്ക് തയാറാണെന്നും പൊലീസ് വിട്ടയച്ച യുവാവ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആലപ്പുഴ മണ്ണഞ്ചേരി മാച്ചനാട് ഫിറോസ് മുഹമ്മദാണ് പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചത്.
എസ്.ഡി.പി.ഐ ഉൾപ്പെടെ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലാത്ത തന്നെ പ്രതികൾക്ക് സഹായം ചെയ്തെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, കേസുമായി ബന്ധമില്ലാതിരുന്നയാളെ ഒരാൾ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ചോദ്യം ചെയ്തു.
അത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ താൻ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ, തെൻറ ഫോട്ടോയെടുത്ത പൊലീസുകാർ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിലും സ്റ്റേഷനിലെ ഇരുട്ടുമുറിയിലും പൊലീസ് മർദിച്ച് അവശനാക്കി. കേട്ടാലറക്കുന്ന ഭാഷയിൽ ആക്ഷേപിച്ചു. മർദനത്തിനിടെ ജയ് ശ്രീറാമും വന്ദേമാതരവും വിളിക്കാൻ നിർബന്ധിച്ചു. ഈ സമയം, സ്റ്റേഷനിലെത്തിയ സി.ഐക്ക് തന്നെ പരിചയമുണ്ടായിരുന്നതിനാൽ മാത്രമാണ് മർദനം നിർത്തിയത്.
ഫോട്ടോഗ്രാഫറായ താൻ കല്യാണവർക്കിന് പോയശേഷം നാട്ടിൽ വന്ന ദിവസമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടക്കുന്നതിന് മൂന്നുദിവസം മുമ്പാണ് ജോലിക്ക് പോയത്. തെൻറ പിതാവും സഹോദരനും സി.പി.എം പ്രവർത്തകരാണ്. ഇതും പൊലീസ് പരിഗണിച്ചില്ലെന്ന് ഫിറോസ് പറഞ്ഞു. പൊലീസിൽനിന്ന് നേരിട്ട ക്രൂരത ചൂണ്ടിക്കാട്ടി ആലപ്പുഴ കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കാലതാമസമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.