മട്ടന്നൂര്‍: മട്ടന്നൂര്‍ ജുമാമസ്ജിദ്, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയുടെ നിർമാണത്തില്‍ വഖഫ് ബോര്‍ഡിനെ വെട്ടിച്ച് കോടികള്‍ തട്ടിയെന്ന കേസില്‍ മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മട്ടന്നൂര്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ അബ്ദുറഹ്മാന്‍ കല്ലായി ഉള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഒരു ലക്ഷം രൂപ വീതമുള്ള സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
മട്ടന്നൂര്‍ പൊലീസ് സര്‍ക്കിള്‍ ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ എട്ട് മണിക്കൂർ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് ജാമ്യത്തിൽ വിട്ടയച്ചത്. അബ്ദുറഹ്മാന്‍ കല്ലായിക്ക് പുറമെ മഹല്ല് കമ്മിറ്റി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം.സി. കുഞ്ഞഹമ്മദ് മാസ്റ്റര്‍, മഹല്ല് കമ്മിറ്റി സെക്രട്ടറിയും മുസ്‍ലിംലീഗ് നേതാവുമായ യു. മഹറൂഫ് എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ചോദ്യം ചെയ്തിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് മൂവരോടും കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് തിങ്കളാഴ്ച രാവിലെ സര്‍ക്കിള്‍ ഓഫിസില്‍ എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
മട്ടന്നൂര്‍ ജുമാമസ്ജിദ് പുനര്‍നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന കേസില്‍ മൂവര്‍ക്കും ഉപാധികളോടെ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി(ഒന്ന്) വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലോ കോടതിയിലോ നല്‍കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
പള്ളിക്കമ്മിറ്റി അംഗമായ നിടുവോട്ടുംകുന്നിലെ എം.പി. ഷമീറിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. വഖഫ് ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡറും കൂടാതെ 9.78 കോടി രൂപ പള്ളി നിർമാണത്തിനായി ചെലവഴിക്കുകയും ബില്ലുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.